ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊന്നാനിയിൽ മുന്നൊരുക്കങ്ങളുമായി കോൺഗ്രസ്
എടപ്പാൾ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.സി.സി. നിർദേശപ്രകാരം പൊന്നാനി മണ്ഡലത്തിൽ ഒരുക്കങ്ങൾക്ക് തുടക്കംകുറിച്ചു. കഴിഞ്ഞദിവസം ഇതിനായി ചേർന്ന ഡി.സി.സി. ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പ്രത്യേക യോഗം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അടുത്തദിവസത്തോടെ നിയമസഭാ മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാകും. തുടർന്നു മണ്ഡലംതല യോഗങ്ങൾ ചേരുമെന്ന് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ഇ. മുഹമ്മദ് കുഞ്ഞി അറിയിച്ചു.
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് നേതാക്കൾക്ക് ബൂത്ത് തലത്തിൽ ചുമതലകൾ നൽകും. ഇതിനായി ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കും. ഫെബ്രുവരി 20-നകം വാർഡുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി. സെക്രട്ടറി പി.ടി. അജയ് മോഹൻ, ഡി.സി.സി. ഭാരവാഹികളായ ഷൗക്കത്തലി തൃത്താല, ടി.പി. മുഹമ്മദ്, നസ്രുള്ള കൂട്ടായി, പന്ത്രോളി മുഹമ്മദാലി, കെ. പത്മകുമാർ, പി.സി. നൂർ, കെ. ഹൈദ്രോസ്, പി. ഇഫ്തിഖാറുദ്ദീൻ, ഉമ്മർ ഗുരുക്കൾ, ഒ. രാജൻ, വി. മധുസൂദനൻ എന്നിവർ സംസാരിച്ചു.