ലിറ്റിൽ കിക്കേഴ്സ് ലീഗ് സംഘടിപ്പിച്ചു.
എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ലിറ്റിൽ കിക്കേഴ്സ് ലീഗ് സംഘടിപ്പിച്ചു. 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനത്തിലൂടെ നിരവധി കുട്ടികളാണ് ഫുട്ബോൾ പരിശീലനം നേടുന്നത്. പരിശീലനം നേടിയ കുട്ടികളെ ആറ് ടീമുകളായി അണിനിരത്തി ഐ എസ് എൽ മാതൃകയിൽ ആണ് ലീഗ് സംഘടിപ്പിച്ചത്. ലിറ്റിൽ കിക്കേഴ്സ് ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ ഗായത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിമൽ എപി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ദീപ് വിജയൻ, ബ്ലോക്ക് അംഗങ്ങളായ നൗഫൽ, അബ്ദുൾ നാസർ, ഷീന മൈലാഞ്ചി പറമ്പിൽ, മുഹമ്മദ് ഹർഷാദ് ഫജർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലനം നേടിയ കുട്ടികളിൽ നിരവധിപേർ സബ്ജില്ലാ ജില്ല സംസ്ഥാന തലങ്ങളിൽ വരെ പല വിഭാഗങ്ങളിലായി ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ചെറിയ പ്രായം മുതൽ തന്നെ ശാസ്ത്രീയമായ ഫുട്ബോൾ പരിശീലനം നൽകി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായൊരു ടീം വാർത്തെടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഭരണസമിതി ലക്ഷ്യം വെക്കുന്നത്. നടുവട്ടം റൺഗ്രാഡോ ടർഫിൽ വെച്ചാണ് ലീഗ് നടന്നത്. 70 ലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും ലീഗിൻ്റെ ഭാഗവാക്കായി. ഐ എസ് എൽ മാതൃകയിൽ ലേലം വിളി നടത്തി ആണ് 6 ടീമുകൾ ആക്കി മാറ്റിയത്. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അനുകരണീയമായ ഒരു പദ്ധതിയാണ് ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനം . ബ്ലോക്ക് പഞ്ചായത്തിന്റെ പരിശീലനം നേടിയ മുഴുവൻ കുട്ടികളും അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരായി മാറുമെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗായത്രി സംസാരിച്ചു. ആറു വയസ്സ് മുതൽ 16 വയസ്സു വരെയുള്ള ആൺ കുട്ടികളും പെൺകുട്ടികളും ബ്ലോക്ക് പഞ്ചായത്തിന്റെ ഈ പരിശീലന പദ്ധതിയിലൂടെ പരിശീലനം നേടുന്നുണ്ട്.