പുനർഗേഹ’ത്തിൽ വീട് ലഭിച്ചവർക്ക് പഴയ വീട് പൊളിക്കാൻ നോട്ടിസ്
പൊന്നാനി ∙ തീരദേശ മേഖലയിലെ 60 വീടുകൾ പൊളിച്ചുമാറ്റാൻ കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് നോട്ടിസ് നൽകി. പുനർഗേഹം പദ്ധതി പ്രകാരം പകരം വീടുകൾ ലഭിച്ച കുടുംബങ്ങൾക്കാണ് കടലിനോടു ചേർന്നുള്ള പഴയ വീടുകൾ എത്രയും വേഗം പൊളിച്ചുമാറ്റാൻ നോട്ടിസ് നൽകിയത്. കടലിൽ വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് പുനർഗേഹം പദ്ധതി നടപ്പാക്കിയത്.
പൊന്നാനി ഹാർബർ പ്രദേശത്ത് നിർമിച്ച ഭവന സമുച്ചയത്തിൽ 128 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ഇതിൽ ഉൾപ്പെട്ട 60 കുടുംബങ്ങൾക്കാണ് പഴയ വീടുകൾ പൊളിച്ചുമാറ്റാൻ നോട്ടിസ് നൽകിയത്. ബാക്കി വീടുകളിൽ ഇപ്പോഴും കുടുംബാംഗങ്ങൾ താമസിക്കുന്നതിനാൽ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല. പുനർഗേഹം പദ്ധതി പ്രകാരം പുതിയ വീട് ലഭിക്കുന്നവർ പഴയ വീട് പൊളിച്ചുമാറ്റണമെന്ന് കർശന വ്യവസ്ഥയുണ്ട്.
നോട്ടിസ് ലഭിച്ചവരൊന്നും പൊളിച്ചു തുടങ്ങിയിട്ടില്ല. വീട് പൊളിക്കാൻ തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ചില കുടുംബങ്ങൾ ഉദ്യോഗസ്ഥരോട് പറയുന്നു. അതേസമയം, തീരത്തെ ആളൊഴിഞ്ഞ വീടുകളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്.
സമീപ പ്രദേശത്തുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ തീരത്തെ ഒഴിഞ്ഞ വീടുകളിൽ ലഹരി ഉപയോഗത്തിനായി യുവാക്കൾ ഒത്തുകൂടുന്ന സാഹചര്യമുണ്ട്.പുനർഗേഹം പദ്ധതി പ്രകാരം കഴിഞ്ഞ ദിവസം 27 കുടുംബങ്ങൾക്ക് കൂടി പുതിയ വീട് നിർമിക്കുന്നതിനുള്ള ഭൂമിയുടെ വില നിർണയം നടന്നു. സുരക്ഷിതമായ ഇടത്ത് ഭൂമി വാങ്ങി വീട് നിർമിക്കുന്നതിന് 10 ലക്ഷം രൂപയാണ് സർക്കാർ സഹായ ധനമായി അനുവദിക്കുന്നത്.