ലഹരി വിരുദ്ധ പ്രചാരണ പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു


മേഴത്തൂർ : ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ തൃത്താല മണ്ഡലം തല ഉദ്ഘാടനം തൃത്താല മേഴത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു
സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, എസ് പി സി എന്നിവരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും അണിനിരന്ന ഘോഷയാത്രയിൽ സൈക്കിൾ റാലി, കൂട്ടയോട്ടം, സ്കേറ്റിങ് തുടങ്ങിയവയും ഉണ്ടായിരുന്നു.ലഹരി വിരുദ്ധ ബോധവൽക്കരണം പ്രമേയമായ ഫ്ലാഷ് മോബും തെരുവ് നാടകവും മേഴത്തൂർ സ്‌കൂളിലെയും ആസ്പയർ കോളേജിലെയും കുട്ടികൾ ചേർന്ന് അവതരിപ്പിച്ചു.
തോരണങ്ങൾക്ക് പകരം ലഹരി വിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത നിരവധി പോസ്റ്ററുകൾ സ്കൂൾ കവാടത്തിനിരുവശവും പ്രദർശിപ്പിച്ചു. ഗോപു മാഷുടെ നേതൃത്വത്തിൽ കുട്ടി ചിത്രകാരന്മാരും ചിത്രകാരികളും ചേർന്ന് വലിയൊരു ക്യാൻവാസിൽ ലഹരി വിരുദ്ധ ചിത്രരചന നടത്തി.
തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പി റജീന അധ്യക്ഷയായ ചടങ്ങിൽ തൃത്താലയിലെ വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്ത ഉദ്ഘാടന ചടങ്ങും നടന്നു.
