MALAPPURAM

ലഹരി മൂത്ത് യുവാവിന്‍റെ പരാക്രമം; കടയുടെ ഷട്ടര്‍ തല്ലി തകര്‍ത്തു, സോഡാക്കുപ്പികള്‍ എറിഞ്ഞു പൊട്ടിച്ചു

മലപ്പുറം ജില്ലയിലെ കരുളായിയില്‍ ലഹരിക്കടിമപ്പെട്ട യുവാവ് കടയില്‍ കയറി അക്രമം നടത്തിയതായി പരാതി. കരുളായി താഴെ മൈലമ്പാറയിലെ കിഴക്കേയില്‍ ഹനീഫയുടെ പലചരക്ക് കടയില്‍ കയറിയാണ് പരാക്രമം നടത്തിയത്. ഇന്നലെ രാത്രി പത്തോടെയാണ് ലഹരിക്കടിമയായ കക്കോട്ടില്‍ രമേഷ് ബാബു (30) കടയില്‍ കയറി ഷട്ടര്‍ തല്ലിത്തകര്‍ക്കുകയും കടക്കുള്ളിലെ സോഡാ കുപ്പികളെല്ലാം വലിച്ച് പുറത്തിട്ട് നശിപ്പിക്കുകയും ചെയ്തത്.

തടയാനെത്തിയവരെ യുവാവ് കത്തി വീശി ഭയപ്പെടുത്തി. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വരുത്തിയതായി കടയുടമ പറഞ്ഞു. നാട്ടുകാര്‍ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് 11 മണിയോടെ പൊലീസ് എത്തിയപ്പോഴേക്കും അക്രമി സ്ഥലംവിട്ടിരുന്നു. കടയില്‍ നടത്തിയ പരാക്രമം കൂടാതെ എ. ഐ. വൈ. എഫ് റോഡില്‍ സ്ഥാപിച്ച മുന്നറിയിപ്പ് കണ്ണാടിയും ഇയാള്‍ തകര്‍ത്തു. ഏതാനും മാസം മുമ്പും രമേഷ് ബാബു റോഡില്‍ കല്ലുകള്‍ നിരത്തി വാഹനങ്ങള്‍ തടയുകയും ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്നു. അന്നും പൊലീസ് നടപടിയൊന്നും എടുത്തില്ല.

കഴിഞ്ഞ ചൊവ്വാഴ്ചയും പ്രതി കടയിലെത്തി ആക്രമണം നടത്തിയിരുന്നു. പൊലീസിലറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇത്രയധികം അക്രമം നടത്തിയിട്ടും, പ്രതി പൊലീസിന്‍റെ മൂക്കിന്‍ തുമ്പത്തുണ്ടായിട്ടും കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയച്ചതാണ് ഇന്ന് പുലര്‍ച്ച അക്രമി വീണ്ടും ആക്രമണം നടത്താന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  പൊലീസിന്റെ അനാസ്ഥ ഇത്തരക്കാര്‍ക്ക് പ്രോത്സാഹനമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

കരുളായിയിലും സമീപ പ്രദേശങ്ങളിളിലും കഞ്ചാവ്, മദ്യം എന്നിവയുടെ ഉപയോഗവും വില്പനയും വ്യാപകമാണെന്ന്നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്. വ്യാപക പരാതി ഉണ്ടായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഇല്ലെന്നാണ് നാട്ടുകാര്‍  ആരോപിക്കുന്നത്. രാത്രികാലങ്ങളില്‍ പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button