ലഹരി മാഫിയ ക്രിമിനൽ വാഴ്ച; അധികാര നിസ്സംഗതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇന്ന് സമരത്തെരുവ് സംഘടിപ്പിക്കും

പൊന്നാനി: ‘ലഹരി മാഫിയ – ക്രിമിനൽ വാഴ്ച: നല്ലൊരു നാളേക്കായി നമുക്കൊന്നിക്കാം; പോരാടാം’ എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റി ഇന്ന് രാത്രി 10 മണിക്ക് കർമ്മ റോഡിൽ അധികാര നിസ്സംഗതക്കെതിരെ പ്രക്ഷോഭ സമരത്തെരുവ് സംഘടിപ്പിക്കും. മാർച്ച് ആറിന് ആരംഭിച്ച ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ്റെ സമാപനമാണ് സമരത്തെരുവെന്നും ലഹരിയിൽ നിന്നും അക്രമണ വാഴ്ചയിൽ നിന്നും നാടിനെ മോചിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി സമരത്തെരുവിന് പുറമെ പെറ്റീഷൻ കാരവൻ, ക്യാമ്പസ് ഡ്രൈവ്, ഡി അഡിക്ഷൻ സപ്പോർട്ട്, മാനസികാരോഗ്യ ബോധവൽക്കരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ക്യാമ്പയിൻ കാലയളവിൽ നടത്തിയതുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
ഒരു യുവജനപ്രസ്ഥാനമെന്ന നിലക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഇത്തരത്തിലുള്ള സാഹചര്യത്തെ ഗൗരവതരമായി കാണുകയും വിദ്യാർത്ഥി – സാമൂഹ്യ സംഘടനാ നേതൃത്വങ്ങൾ, യുവജന ക്ലബുകളുടെ ഭാരവാഹികൾ, സാമുദായിക നേതാക്കൾ, നിയമപാലകർ, ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി സഹോദര്യത്തിലധിഷ്ഠമായ ജാഗ്രതാ സദസ്സ് രൂപീകരണ ആലോചനകൾ ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് നടത്തിയിട്ടുണ്ടെന്നും വളരെ പെട്ടന്ന് തന്നെ അത് നിലവിൽ വരുത്തുമെന്നും മണ്ഡലം പ്രഡിഡന്റ് ഡോ അഹ്സൻ അലി ഇ.എം മാധ്യമങ്ങളോട് പറഞ്ഞു.
പ്രസ് മീറ്റിൽ മണ്ഡലം പ്രസിഡന്റ് ഡോ അഹ്സൻ അലി ഇ.എം, സെക്രട്ടറി മുബഷിറ പി, ജോയിന്റ് സെക്രട്ടറി യൂനുസ് ഷരീഫ് എം ഐ, കമ്മിറ്റി അംഗങ്ങൾ ഹുദ യു എം, മുസ്നിദ് പി എന്നിവർ പങ്കെടുത്തു.
