VATTAMKULAM

ലഹരിക്കെതിരെ സ്നേഹത്തിന്റെ കൈകോർക്കൽ: ഐ.എച്ച്.ആർ.ഡി യുടെ ‘സ്നേഹത്തോൺ’ വട്ടംകുളത്ത് പ്രൗഢമായി നടന്നു

വട്ടംകുളം: “ലഹരിയല്ല, ജീവിതമാണ് ഹരം” എന്ന സന്ദേശവുമായി ഐ.എച്ച്.ആർ.ഡി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന “സ്നേഹത്തോൺ” പരിപാടിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയ്‌ക്കെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ശുകപുരം സഫാരി ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം എടപ്പാൾ ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന സ്നേഹമതിൽ, സ്നേഹസംഗമം എന്നിവയിൽ നിരവധി വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് പരിപാടി ഉദ്ഘാടനം ചെയ്തു.

വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പ്രദേശവാസികളും അണിനിരന്നു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിദഗ്ധർ സംസാരിച്ചു.

കൂട്ടയോട്ടം, സ്നേഹമതിൽ, സ്നേഹസംഗമം തുടങ്ങിയ പരിപാടികളിലൂടെ ലഹരി വിരുദ്ധ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ, പെരിന്തൽമണ്ണ, വാഴക്കാട്, മുതുവല്ലൂർ എന്നിവിടങ്ങളിലും ഐ.എച്ച്.ആർ.ഡി യുടെ ‘സ്നേഹത്തോൺ’ പരിപാടി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button