പൊന്നാനിയിൽ മത്സ്യബന്ധന വള്ളം മുക്കിയതായി പരാതി; ലക്ഷങ്ങളുടെ നഷ്ടം
പൊന്നാനി: പൊന്നാനി അഴിമുഖത്തിന് സമീപം കെട്ടിയിട്ടിരുന്ന മത്സ്യബന്ധന വള്ളം വെള്ളത്തിൽ മുക്കി താഴ്ത്തിയതായി പരാതി. പൊന്നാനി പള്ളിപ്പടി സ്വദേശി വമ്പന്റെ സാവാൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മുത്ത് ശിഹാബ് തങ്ങൾ’ എന്ന വലിയ വള്ളമാണ് അഴിമുഖത്തിന് സമീപത്തെ പുഴയിൽ കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ടോടെയാണ് വള്ളം മുഴുവനായും പുഴയിൽ മുങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞ് സാവാൻ കുട്ടി എത്തിയപ്പോൾ വള്ളവും എൻജിനും വലയുമുൾപ്പെടെ വെള്ളത്തിൽ താഴ്ന്ന നിലയിലാണ്. വല കരക്കെത്തിച്ചെങ്കിലും വള്ളം ഉയർത്തിയെടുക്കാൻ ഭീമമായ തുക വരുമെന്നതിനാൽ പ്രയാസത്തിലാണ് വള്ളമുടമ.
ബാങ്കിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങി 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് മാസങ്ങൾക്ക് മുമ്പാണ് സാവാൻ കുട്ടി വള്ളം കടലിലിറക്കിയത്. ഇതിനിടെ ഇദ്ദേഹം അസുഖബാധിതനായതിനാൽ ആഴ്ചകളായി വള്ളം കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ വള്ളമാണ് വെള്ളത്തിൽ മുക്കിത്താഴ്ത്തിയ നിലയിൽ കണ്ടത്. സംഭവത്തിൽ ഫിഷറീസിൽ പരാതി നൽകി.