മാപ്പിളകലാ അക്കാദമിയിലുണ്ട് മലബാർ കലാപത്തിന്റെ ചിത്രരേഖകൾ
കൊണ്ടോട്ടി ∙ മലബാർ കലാപത്തിന്റെ ചിത്രസാക്ഷ്യം പറഞ്ഞ് കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ മ്യൂസിയം. 1921ലെ സംഭവങ്ങളുടെ ഓർമപ്പെടുത്തലുകളുമായി ഒട്ടേറെ ചിത്രങ്ങളും രേഖകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. പുളിക്കലിൽ സ്റ്റുഡിയോ നടത്തുന്ന വർണിക നാസർ സമാഹരിച്ച ചിത്രങ്ങളാണ് മ്യൂസിയത്തിലുള്ളത്.
ബ്രിട്ടിഷുകാർ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാൻ ആലി മുസല്യാരും അനുയായികളും നിരായുധരായി പട്ടാളത്തിനു മുൻപിൽ നിൽക്കുന്നത്, ആലി മുസല്യാരെ ജയിലിലേക്കു കൊണ്ടുപോകുന്നത്, മലപ്പുറം ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന കുഞ്ഞിക്കോയ തങ്ങളുടെ കത്ത്, ബ്രിട്ടിഷ് സൈന്യത്തിന്റെ ആക്രമണം രൂക്ഷമായപ്പോൾ പ്രക്ഷോഭകാരികൾ ഒളിച്ചിരുന്ന തിരൂരങ്ങാടിയിലെ ഗർത്തം തുടങ്ങി നൂറോളം ചിത്രങ്ങൾ അക്കാദമിയിൽ ഒരുക്കിയ ഗാലറിയിലുണ്ട്.
മമ്പുറം മഖാം, മമ്പുറം പള്ളി, മമ്പുറം തങ്ങളുടെ ഭവനം, തിരൂരങ്ങാടി പള്ളി, നിലമ്പൂർ കോവിലകം എന്നിവയുടെ പഴയകാല ചിത്രങ്ങളും ഇവിടെ കാണാം. വല്യുമ്മയിൽനിന്നു കേട്ട കഥകളാണ് 1921ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിക്കാനുള്ള പ്രചോദനമെന്ന് നാസർ (59) പറഞ്ഞു. പിതാവ് പരേതനായ കാരിക്കുഴിയൻ അലവിക്കുട്ടി ശേഖരിച്ച ഒട്ടേറെ രേഖകൾ വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന അഗ്ഫാ കമ്പനിയുടെ ക്ലിക്ക് 3 എന്ന ക്യാമറയിലാണ് ചിത്രങ്ങൾ എടുത്തു തുടങ്ങിയത്.
1975 മുതൽ എടുത്ത ചിത്രങ്ങളും ചെന്നൈയിലെ ബ്രിട്ടീഷ് ലൈബ്രറിയിൽനിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളും ഉൾപ്പെടെ 10 വർഷം മുൻപാണ് അക്കാദമിക്കു നൽകിയത്. 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട രേഖകളും മറ്റും അക്കാദമിയിലെ ഗാലറിയിലുണ്ടെന്നു സെക്രട്ടറി റസാഖ് പയമ്പ്രോട്ട് പറഞ്ഞു.