MARANCHERY
റോഡ് തകർന്നു; തുറുവാണം ദ്വീപിലെത്താൻ ദുരിതം


മാറഞ്ചേരി: വെള്ളക്കെട്ടിൽ റോഡ് തകർന്നതോടെ മാറഞ്ചേരി തുറുവാണം ദ്വീപുകാർ ദുരിതത്തിൽ. 4 ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന തുറുവാണം ദ്വീപുകാർ പുറം ലോകത്തേക്ക് എത്തുന്ന ഏക റോഡാണ് മഴയിൽ തകർന്നത്. മഴയിൽ കോൾ മേഖലയിൽ ജല നിരപ്പ് ഉയർന്നതോടെ റോഡ് മുങ്ങുകയും തകരുകയും ചെയ്തതോടെ ഗതാഗതം തടസ്സപ്പെട്ടു. 600 മീറ്റർ വരുന്ന റോഡിന്റെ ഒരുവശത്തെ വെള്ളക്കെട്ടും മറു വശത്ത് കുണ്ടും കുഴിയും രൂപപ്പെട്ടതോടെ വിദ്യാർഥികൾക്കും പ്രായമായവർക്കും റോഡിലൂടെ കാൽനട യാത്ര പോലും പറ്റാത്ത അവസ്ഥയാണ്. റോഡിലെ കുഴികളിൽ അധികൃതർ മെറ്റലുകൾ വിതറിയിരുന്നെങ്കിലും വെള്ളക്കെട്ടിൽ കുഴികൾ കൂടുകയാണ്. എണ്ണുറോളം പേർ വസിക്കുന്ന ദ്വീപിലേക്കുള്ള റോഡിന് പകരം പാലം നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടികൾ വൈകുകയാണ്.
