റോഡ് തകർച്ചയുൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കണം; തിരൂരിൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്


മലപ്പുറം: തിരൂരിൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. റോഡിന്റെ ശോചനീയാവസ്ഥയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിരൂർ താലൂക്ക് ബസ് തൊഴിലാളി യൂണിയനാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ മാർച്ച് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.
ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂർ ബസ് സ്റ്റാൻഡിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യമൊരുക്കുക, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ തൊഴിലാളികളോട് കാണിക്കുന്ന മോശം സമീപനത്തിൽ മാറ്റം വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്ന ഇടമാണ് തിരൂർ നഗരവും അനുബന്ധ മേഖലയും. വിരലിൽ എണ്ണാവുന്ന കെഎസ്ആർടിസി ബസ്സുകളാണ് ഈ റൂട്ടുകളിൽ സർവ്വീസ് നടത്തുന്നത് ഈ സാഹചര്യത്തിൽ പ്രവർത്തി ദിനമായ ഇന്ന് ബസ്സുകൾ പണിമുടക്കിയത് സാധാരണക്കാർക്കാണ് തിരിച്ചടിയായത്.
