MALAPPURAM

റോഡപകടങ്ങളിൽ പൊലിയുന്ന ജീവന്റെ എണ്ണം ജില്ലയിൽ വർധിക്കുന്നു ; ഈ വർഷം ഇതുവരെ മരണപ്പെട്ടത് 315 പേർ

മലപ്പുറം: റോ‌ഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ 315 പേരാണ് റോഡപകടങ്ങളിൽ മരണപ്പെട്ടത്. കഴിഞ്ഞ വർഷം 309 പേരായിരുന്നു. ഡിസംബർ അവസാനിക്കാൻ ഒരാഴ്ചയോളം ശേഷിക്കേ ആണ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഉയർന്നുനിൽക്കുന്നത്. മരണപ്പെട്ടവരിൽ നല്ലൊരു പങ്കും ബൈക്ക് യാത്രികരായ 30 വയസിന് താഴെയുള്ളവരാണ്. നവംബറിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത് 25 ബൈക്ക് യാത്രികർക്കാണ്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നതും അശ്രദ്ധയും അപകടം വിളിച്ചുവരുത്തുന്നുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ ഉണ്ടായത് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലാണ്. ആകെയുള്ള 315 അപകട മരണങ്ങളിൽ 108 എണ്ണവും ഇക്കാലയളവിലാണ്. ഡിസംബർ,​ ജനുവരി മാസങ്ങളിൽ അപകടങ്ങളുടെ എണ്ണം പൊതുവെ കൂടുന്നതായാണ് മുൻവർഷങ്ങളിലെ ക്രൈം റോക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് റോഡപകടങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് രാത്രിയിൽ പ്രത്യേക പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. ബൈക്ക്,​ വാഹന റേസിംഗ് പോലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കും.

നിയമം പാലിക്കാം

ട്രാഫിക് നിയമങ്ങൾ അനുസരിക്കാൻ മടികാട്ടുന്നത് അപകടങ്ങളിലേക്കും മരണത്തിലേക്കും വരെ യാത്രികരെ തള്ളിവിടാം. ഡ്രൈവർമാരുടെ അശ്രദ്ധ തന്നെ ആണ് ജില്ലയിലും അപകടങ്ങൾ കൂടാൻ കാരണം. രാത്രികാലങ്ങളിലെ അപകടങ്ങളിൽ പ്രധാന വില്ലൻ ഉറക്കമാണ്. പലപ്പോഴും ഇത്തരം അപകടങ്ങളുടെ ആഘാതവും കൂടുതലായിരിക്കും. നിരത്ത് ഒഴി‍ഞ്ഞ് കിടക്കുന്നതിനാൽ മിക്ക വാഹനങ്ങളും നല്ല വേഗത്തിലാവും സഞ്ചരിക്കുക. ഉറക്കം അനുഭവപ്പെട്ടാൽ ലക്ഷ്യസ്ഥാനം എത്ര അടുത്താണെങ്കിലും അൽപ്പനേരം ഉറങ്ങി വേണം യാത്ര തുടരാൻ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ശാരീരികമായി ക്ഷീണമുള്ളപ്പോൾ രാത്രികാലങ്ങളിലെ ഡ്രൈവിംഗ് പരമാവധി ഒഴിവാക്കണം. ദീർഘദൂരം വാഹനമോടിക്കുമ്പോൾ കുറച്ച് സമയം യാത്രയ്ക്ക് ബ്രേക്ക് നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button