‘’റേഷൻ മസ്റ്ററിങ് നടത്താത്തവർക്ക് റേഷൻ മുടങ്ങുംമന്ത്രി അനിൽ “

തിരുവനന്തപുരം:
റേഷൻ മസ്റ്ററിങ് നടത്താത്തവർക്ക് മാർച്ച് 31ന് ശേഷം ഭക്ഷ്യവിഹിതം നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 1.54 കോടി മുൻഗണന വിഭാഗങ്ങളിൽ 93 ശതമാനം പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ അടിയന്തരമായി മസ്റ്ററിങ് പൂർത്തിയാക്കാത്ത പക്ഷം നിലവിലുള്ള വിഹിതം നഷ്ടപ്പെടും.
50,000 മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മുൻഗണന വിഭാഗങ്ങൾക്ക് സൗജന്യമായാണ് ഭക്ഷ്യധാന്യം നൽകുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വാദം.
എന്നാൽ, ഈ ഭക്ഷ്യധാന്യം കടകളിലെത്തിക്കുന്നതിനും മറ്റും വലിയ തുകയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. 57 ശതമാനം വരുന്ന നീല, വെള്ള കാർഡുകാർക്ക് കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വിലകൊടുത്ത് വാങ്ങുകയാണ്. ഈ ഇനത്തിൽ മാത്രം ഒരുവർഷം 340 കോടിയാണ് സർക്കാറിന് ചെലവ്. റേഷൻ വ്യാപാരികൾക്ക് കമീഷൻ ഇനത്തിൽ 325 കോടി നൽകണം. 43 കോടി മാത്രമാണ് കമീഷൻ ഇനത്തിൽ കേന്ദ്രം നൽകുന്നത്. ഗതാഗത കൈകാര്യ ചെലവ് ഇനത്തിൽ പ്രതിവർഷം 270 കോടി ചെലവ്. ഇതിൽ 32 കോടിയാണ് കേന്ദ്രം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
