MALAPPURAM

റിയാദിൽ എസി പൊട്ടിത്തെറിച്ച് 2 യുവാക്കൾ മരിച്ച അപകടത്തിൽ നടുങ്ങി നാട്

വളാഞ്ചേരി: 20 വർഷം മുൻപ് പിതാവിനുണ്ടായ ദുർവിധി മകനെയും തേടിയെത്തിയതിന്റെ ഞെട്ടലിലും വേദനയിലുമാണ് മേൽമുറി ഗ്രാമം. ദിവസങ്ങൾക്ക് മുൻപ് സൗദിയിലേക്ക് പോയ ഇർഫാൻ ഹബീബ് താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചെന്ന വാർത്ത കുടുംബത്തിനും നാടിനും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ഇർഫാന്റെ പിതാവ് 2003ലെ സൗദിയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ഉംറ നിർവഹിക്കാൻ പോകുന്നതിനിടയായിരുന്നു അപകടം.
കഴിഞ്ഞമാസം 28നാണ് ഇർഫാൻ സൗദിയിലേക്ക് പോയത്. നാട്ടിൽ പെട്രോൾ പമ്പ് ടെക്നീഷ്യനായി ജോലി ചെയ്യുന്നതിനിടയാണ് ഇതേ ജോലി ലഭിച്ച് സൗദിയിലേക്ക് പോയത്. ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ഇർഫാന്റെ ജീവിതം കുടുംബത്തിനായി മാറ്റിവെച്ചതായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സദാ പുഞ്ചിരിക്കുന്ന മുഖവും സൗമ്യമായ സംസാരവുമായി ഏവർക്കും പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണത്തിൽ കുടുംബത്തിനൊപ്പം സങ്കടപ്പെടുകയാണ് നാട്ടുകാരാകെയും.
റിയാദിലെ താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ച് മരിച്ച വളാഞ്ചേരി പൈങ്കണ്ണൂർ ഹിൽടോപ്പ് തറക്കൽ അബ്ദുൽ ഹക്കീമിന്റെ മരണത്തോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയാണ്. മൂന്നുമാസം മുൻപാണ് ഹക്കീമിന്റെ ഉമ്മ ആമിനക്കുട്ടി മരിച്ചത്. അതിന്റെ വേദന മായും മുൻപേ എത്തിയ ദുരന്തവാർത്ത കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. നാട്ടിൽ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്തിരുന്ന ഹക്കീം അതേ കമ്പനിയുടെ വിസയിലാണ് സൗദിയിലേക്ക് പോയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തെ കൈപിടിച്ച് ഉയർത്തുക എന്ന സ്വപ്നം തന്നെയായിരുന്നു മനസ്സിൽ. കഴിഞ്ഞ ആഴ്ചയാണ് ഗൾഫിലേക്ക് പോയത്. പിതാവ് മൊയ്തുവിന് കൃഷിപ്പണിയാണ്. ഭാര്യ ഹസ്ബി അൺ എയ്ഡ്ഡ് വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button