റസാഖ് പയമ്പ്രോട്ടിന്റെ മരണം: പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം വിദഗ്ധ സംഘം പരിശോധിക്കുമെന്ന് കലക്ടർ
June 4, 2023
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സാമൂഹിക പ്രവർത്തകൻ റസാക്ക് പയബ്രോട്ട് പരാതി ഉന്നയിച്ച പുളിക്കലിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വിദഗ്ധസംഘം പരിശോധന നടത്തുമെന്ന് കലക്ടർ വി.ആർ പ്രേംകുമാർ.സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ സ്ഥാപനം അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ടി.വി ഇബ്രാഹിം എം.എൽ.എ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച വിഷയത്തിൽ യോഗാവസാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. ഫാക്ടറിക്കെതിരെ മുൻപും രണ്ടുതവണ പരാതികൾ ഉണ്ടായിരുന്നെങ്കിലും നടപടി എടുത്തിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു.പകരം ക്രമപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കമുണ്ടായത്. ഫാക്ടറിയിൽ നിന്ന് തൊട്ടടുത്ത താമസങ്ങളിലേക്കുള്ള ദൂരം അളന്നതിലും ക്രമക്കേടുകളുണ്ട്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്നും എം.എൽ.എ പറഞ്ഞു. പി അബ്ദുൽ ഹമീദ് എം.എൽ.എയും കൂടെയുണ്ടായിരുന്നു. സ്ഥാപനത്തിന് അനുമതി നൽകിയതിനെക്കുറിച്ചും അടച്ചുപൂട്ടുന്നതിന്റെ നിയമവശങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തുടർന്നാണ് തീരുമാനമെടുത്തത് വിദഗ്ധ സംഘത്തിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്ന് പരിശോധന എന്ന് നടത്തണമെന്നും കളക്ടർ തീരുമാനിക്കും. സംഘത്തെ അടിയന്തരമായി നിയോഗിക്കുമെന്ന് പിന്നീട് കളക്ടർ പറഞ്ഞു