റഫാൽ കേസ്: പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി
റഫാൽ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. ദസോൾട്ട് ഏവിയേഷനെതിരായ അഴിമതി ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
റഫാൽ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ഒരു അഭിഭാഷകൻ സുപ്രിംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കേസ് വീണ്ടും അന്വേഷിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. എന്നാൽ, ഇത് കോടതി തള്ളി. നേരത്തെ തന്നെ ഈ വിഷയത്തിൽ അന്വേഷണം നടത്തിയതാണെന്നും പുതിയ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോൾട്ട് ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ വന്നതിൻ്റെ പശ്ചാത്തലത്തിലാണ് സുപ്രിംകോടതിയിൽ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.