SPORTS

രോഹിത് ശര്‍മ്മ വിരമിച്ചു, അടുത്ത ക്യാപ്റ്റന്‍ സജീവ ചര്‍ച്ചയില്‍ ആരെന്ന മൂന്ന് പേരുകള്‍

മുംബയ്: 13 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച് ട്വന്റി 20 ലോകകപ്പില്‍ വിശ്വകിരീടം ചൂടിയ ഇന്ത്യന്‍ ടീമും രാജ്യത്തെ ക്രിക്കറ്റ് ആരാധകരും ഇപ്പോഴും ആഘോഷത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇവര്‍ക്ക് പിന്നാലെ മറ്റൊരു സീനിയര്‍ താരം രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഒരു തലമുറ മാറ്റമാണ് വരാനിരിക്കുന്നത്.

ഇനി ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ്മ ഇല്ല. ഒരു ഫോര്‍മാറ്റിലും ടീമിനെ കളി പഠിപ്പിക്കാനും തന്ത്രങ്ങള്‍ മെനയാനും രാഹുല്‍ ദ്രാവിഡ് എന്ന ആശാനുമില്ല. പരിശീലകനായി മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ജേതാവുമായ ഗൗതം ഗംഭീര്‍ എത്തുമെന്ന് ഏറെക്കുറേ ഉറപ്പാണ്. പുതിയ പരിശീലകന്റെ ആദ്യത്തെ ഉത്തരവാദിത്തം ഒരു പുതിയ നായകനെ കണ്ടെത്തുകയെന്നതാണ്. ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്നും കളിക്കുമെന്ന് രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മ തന്നെയാകും തുടര്‍ന്നും നായകനെന്നും ഉറപ്പാണ്.

പക്ഷേ 37കാരനായ രോഹിത് ശര്‍മയ്ക്ക് എത്ര നാള്‍ കൂടി ഇന്ത്യന്‍ ടീമില്‍ തുടരാന്‍ കഴിയും എന്നത് സുപ്രധാനമായ ഒരു ചോദ്യമാണ്. എന്തായാലും 2027ല്‍ നടക്കുന്ന അടുത്ത ഏകദിന ലോകകപ്പ് വരെ രോഹിത് തുടരാന്‍ സാദ്ധ്യത കുറവാണ്. പ്രായം തന്നെയാണ് പ്രധാന വെല്ലുവിളി. അങ്ങനെ നോക്കുമ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയോടെ രോഹിത് ഏകദിനത്തിനോടും സലാം പറയാനാണ് സാദ്ധ്യത. ഇന്ത്യ വളരെ നന്നായി മുന്നേറുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് വിരമിച്ചേക്കും. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഇന്ത്യ കിരീടം ലക്ഷ്യമിടുന്നുണ്ട്.

ടെസ്റ്റിലും ഏകദിനത്തിലും ഉടനെ പുതിയ നായകനെ നിയമിക്കേണ്ടതില്ലെങ്കിലും ടി20യില്‍ പുതിയ നായകനെ ഉടനെ കണ്ടെത്തണം. പുതിയ പരിശീലകനും സെലക്ടര്‍മാരും ചേര്‍ന്നാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെ മുന്നില്‍ക്കണ്ടാകും ടീമിനെ വാര്‍ത്തെടുക്കുക. ഈ ലോകകപ്പ് നേടിയ ടീമില്‍ ഉള്‍പ്പെട്ട മൂന്ന് പേരുകളാണ് ബിസിസിഐയുടെ മുന്നില്‍ നായകനായി പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

1. ഹാര്‍ദിക് പാണ്ഡ്യ

ലോകകപ്പ് നേടിയ ടീമിലെ വൈസ് ക്യാപ്റ്റനാണ് മുംബയ് ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത്തിന് ശേഷം നായകനാക്കാന്‍ ബിസിസിഐ കണ്ടുവച്ചിരുന്നതും ഹാര്‍ദിക്കിനെ തന്നെയാണ്. എന്നാല്‍ ഇടയ്ക്കിടെയുള്ള പരിക്കും പിന്നീടുള്ള മോശം ഫോമും ഒപ്പം രോഹിത് ടി20 ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തതോടെ ഈ പദ്ധതിയില്‍ നിന്ന് ബിസിസിഐ പിന്മാറി. ഇപ്പോള്‍ രോഹിത് വിരമിച്ചുകഴിഞ്ഞു. അടുത്ത ക്യാപ്റ്റന്റെ പേരിലേക്ക് ഒന്നാമതായി ഉള്ളത് ബറോഡക്കാരന്റെ പേര് തന്നെയാണ്.

ലോകകപ്പില്‍ ഫൈനലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയതും മുമ്പ് ടീമിനെ നയിച്ചിട്ടുള്ളതും അനുകൂല ഘടകങ്ങളാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ രണ്ട് സീസണുകളില്‍ അവരെ കിരീടം ചൂടിക്കുകയും ഒരു സീസണില്‍ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുമുണ്ട് താരം. എന്നാല്‍ പിന്നീട് മുംബയ് ഇന്ത്യന്‍സിലേക്ക് മടങ്ങി അവിടെ നായകസ്ഥാനം ഏറ്റെടുത്തെങ്കിലും അമ്പേ പരാജയമായി മാറിയിരുന്നു.

2. സൂര്യകുമാര്‍ യാദവ്

2022ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ഈ ഫോര്‍മാറ്റില്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് ഈ വര്‍ഷം ആദ്യമായിരുന്നു. അതിനിടെയുള്ള ഇടവേളയില്‍ ഹാര്‍ദിക് ആണ് ടീമിനെ നയിച്ചത്. എന്നാല്‍ ഏകദിന ലോകകപ്പിനിടെ ഹാര്‍ദിക് പരിക്കേറ്റ് പുറത്തിരിക്കുകയും ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷം രോഹിത്ത് ഇടവേളയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ ടീമിനെ നയിച്ചത് സൂര്യയാണ്. നായകനായുള്ള ആദ്യ പരമ്പരയില്‍ ഓസ്‌ട്രേലിയയെ 4-1ന് ആണ് സൂര്യയുടെ നേതൃത്വത്തില്‍ ഇന്ത്യ കെട്ടുകെട്ടിച്ചത്.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുമായുള്ള അടുത്ത ബന്ധം സൂര്യക്ക് തുണയായിരുന്നു. എന്നാല്‍ പുതിയ പരിശീലകനായി എത്തുന്നത് ഗൗതം ഗംഭീര്‍ ആണെങ്കില്‍ സൂര്യക്ക് സാദ്ധ്യത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നെസ് , ഫോം എന്നിവയിലെ സ്ഥിരതയില്ലായ്മ നായകസ്ഥാനത്തിന് പരിഗണിക്കപ്പെടുന്നതിന് തടസ്സമായാല്‍ സൂര്യ തന്നെയാകും ഇന്ത്യയുടെ അടുത്ത നായകന്‍.

3. ജസ്പ്രീത് ബുംറ

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തതില്‍ വലിയ പങ്കുണ്ട് ജസ്പ്രീത് ബുംറയെന്ന ഫാസറ്റ് ബൗളര്‍ക്ക്. ലോകത്ത് ഏത് സാഹചര്യത്തില്‍ കളി നടന്നാലും ബുംറയെ നെഞ്ചുവിരിച്ച് നിന്ന് നേരിടാന്‍ ചങ്കുറപ്പുള്ള ബാറ്റര്‍മാര്‍ ഇന്ന് ഭൂമിയില്‍ ഇല്ലെന്നത് ഒരു സത്യമാണ്. എന്നാല്‍ ഭാവിയില്‍ മറ്റ് ഫോര്‍മാറ്റില്‍ വലിയ ടൂര്‍ണമെന്റുകള്‍ വരാനിരിക്കുന്നത് പരിഗണിച്ച് കൂടുതല്‍ ടി20 മത്സരങ്ങളില്‍ നിന്ന് ബുറ വിശ്രമമെടുത്ത് മാറി നില്‍ക്കാനുള്ള സാദ്ധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ ഗൗതം ഗംഭീര്‍ നായകനാക്കി അവരോധിക്കുമോയെന്ന് സംശയമാണ്.

ബിസിസിഐയുടെ ചര്‍ച്ചകളില്‍ ഇതുവരെ ഇടംപിടിച്ചിട്ടില്ലാത്ത ശ്രേയസ് അയ്യരുടെ പേരിനും മുന്‍ഗണനയുണ്ട്. എന്നാല്‍ നിലവില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരമല്ല അയ്യര്‍. പക്ഷേ ഗൗതം ഗംഭീര്‍ ഉപദേശകനായ കെകെആറിനെ ഐപിഎല്‍ കിരീടം ചൂടിച്ച ശ്രേയസിനെ നായകനാക്കാന്‍ ഗൗതം ഗംഭീറിന് താത്പര്യമുണ്ടാകുമെന്നത് കാണാതിരിക്കാന്‍ കഴിയില്ല. ഒരുപക്ഷേ ടി20യില്‍ നായകനാക്കിയില്ലെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ രോഹിത് പടിയിറങ്ങിയാല്‍ ഏറ്റവും സാദ്ധ്യത അയ്യര്‍ക്ക് തന്നെയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button