‘രോഗികളെയൊന്നും ഇതില്‍ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞു’; വിതുരയില്‍ ആംബുലൻസ് തടഞ്ഞ് കോണ്‍ഗ്രസിന്റെ സമരം, രോഗി മരിച്ചു

തിരുവനന്തപുരം വിതുരയില്‍ ആംബുലൻസ് തടഞ്ഞുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു.
വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ആംബുലൻസിന്റെ കാലപ്പഴക്കവും, ഇൻഷുറൻസ് തീർന്നതും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്റെ പ്രതിഷേധം.
ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്ബോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. 20 മിനിട്ടോളം ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറി. എന്നാല്‍ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് പിന്നാലെ ബിനു മരിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കില്‍ അനിയനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ബിനുവിന്റെ ബന്ധു ട്വന്റി ഫോറിനോട് പറഞ്ഞു. രോഗികളെയൊന്നും ഈ ആംബുലൻസില്‍ കൊണ്ടുപോകാൻ പറ്റില്ലെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറയുകയുണ്ടായെന്നും വിതുരയില്‍ നിന്ന് ഡോക്ടർ എത്രയും വേഗം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിനുവുമായി ആംബുലൻസ് പുറപ്പെട്ടത് എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് എടുക്കാൻ സമ്മതിച്ചില്ല. അരമണിക്കൂർ മുന്നേ എത്തിച്ചിരുന്നുവെങ്കില്‍ ബിനുവിന്റെ ജീവൻ നഷ്ടമാകിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, ആശുപത്രി അധികൃതർ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിതുത പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ബന്ധുക്കളും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
