രാത്രികാല ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട്, സ്കൂളുകൾ അടച്ചു.
ചെന്നൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. നാളെ മുതൽ തമിഴ്നാട്ടിൽ രാത്രി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. നേരത്തെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളാണ് ഒമിക്രോൺ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പുതുക്കി നിശ്ചയിച്ചത്.
സ്കൂളുകൾ തത്കാലത്തേക്ക് അടക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ആയിരിക്കും. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾക്ക് വിലക്കുണ്ടാവില്ല. പെട്രോൾ പമ്പുകൾക്കും ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാം. ഹോട്ടലുകളിലും മെട്രോ ട്രെയിനിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും ഒരേസമയം പ്രവേശനത്തിന് അനുമതി. സംസ്ഥാനത്തെ സ്വകാര്യ ഐടി കമ്പനികളോട് വർക് ഫ്രം ഹോം തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടാനും നിർദേശമുണ്ട്.