രാജ്യസഭയിലെ പ്രതിഷേധം; ബിനോയ് വിശ്വം, എളമരം അടക്കം 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.
ന്യൂഡൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടതുഎംപിമാരായ ബിനോയ് വിശ്വം, എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് സസ്പെന്‍ഷന്‍. സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി.
കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍.
അതേസമയം, നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ചു. നടപടി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവത്ക്കരണ ബില്‍ അവതരിപ്പിച്ച ദിവസമായിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്. മാര്‍ഷല്‍മാര്‍ക്ക് നേരെ പ്രതിപക്ഷ എംപിമാര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രൂരമായ രീതിയില്‍ ബലംപ്രയോഗിച്ചാണ് മാര്‍ഷല്‍മാര്‍ എംപിമാരെ തടഞ്ഞതെന്ന് എളമരം കരീം അന്ന് പ്രതികരിച്ചിരുന്നു. ചെയര്‍മാനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ ചേംബറിലേയ്ക്ക് പോകാന്‍ ശ്രമിച്ച തന്നെ പിടിച്ചുവലിച്ച് തള്ളി. തന്നെ ആക്രമിച്ച മാര്‍ഷലിനെ കണ്ടാല്‍ അറിയാമെന്നും എളമരം കരീം പറഞ്ഞിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമാണ് നടന്നത്. വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചത് ഇതാദ്യമായാണ്. മാര്‍ഷല്‍മാരുടെ വേഷത്തില്‍ പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ചേംബറില്‍ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നു. പാര്‍ലമെന്റ് മന്ദിരത്തിലോ രാജ്യസഭ ചേംബറിലോ സാധാരണ ഇവരെ കണ്ടിട്ടില്ല. സംഭവസമയത്തെ ദൃശ്യങ്ങള്‍ രാജ്യസഭ ടിവി സംപ്രേഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ അന്തസ്സ് തകര്‍ത്തുവെന്നാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നത്. ചിലര്‍ മേശപ്പുറത്ത് കയറിയിരുന്നു. ചിലര്‍ മേശയുടെ മുകളില്‍ കയറിനിന്നു. ഇതിനെ അപലപിക്കാന്‍ വാക്കുകളില്ല. കോലാഹലദൃശ്യങ്ങള്‍ എംപിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് ശരിയായില്ലെന്നും സംഭവദിവസം വെങ്കയ്യ നായിഡു പറഞ്ഞു.