Local news
പ്രവാസജീവിതം അവസാനിപ്പിച്ച് വാഹന മോഷണം:രണ്ട് പേർ ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

രണ്ട് വർഷത്തിനിടെ കവർച്ച ചെയ്ത് വിൽപന നടത്തിയത് 20 ൽ ഏറെ ബൈക്കുകളും ഒരു കാറും ആറോളം പെട്ടി ഓട്ടോറിക്ഷകളും

തൃശൂർ തലപ്പള്ളി സ്വദേശികളായ സി കെ ഉമ്മർ അബ്ദുൽ ഗഫൂർ എന്നിവരെയാണ് ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ അന്വേഷണ സംഘം പിടികൂടിയത്. വാഹനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി ആക്രിവാഹനങ്ങളാക്കി വിൽപ്പന നടത്തുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
രണ്ട് വർഷത്തിനിടെ 20 ൽ ഏറെ ബൈക്കുകളും ഒരു കാറും ആറോളം പെട്ടി ഓട്ടോറിക്ഷകളുമാണ് പ്രതികൾ കവർച്ച ചെയ്ത് പാർട്ട്സുകളാക്കി വിവിധ ആക്രി കടകളിലായി വിൽപ്പന നടത്തിയത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇവർ രണ്ട് വർഷം മുൻപാണ് വാഹന മോഷണത്തിലേക്ക് കടന്നത്. ആളില്ലാത്ത സ്ഥലങ്ങളിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കണ്ടെത്തിയ ശേഷം പെട്ടി ഓട്ടോയിലെത്തി കടത്തിക്കൊണ്ടുപോവുകയാണ് ഇവരുടെ രീതി.
പിന്നീട് തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച വണ്ടികൾ വിവിധ ഭാഗങ്ങളാക്കി തരംതിരിച്ച ശേഷം ആക്രി കടകളിലെത്തിച്ച് വിൽപ്പന നടത്തും. സൗകര്യപ്രദമായ സ്ഥലത്ത് കണ്ടെത്തുന്ന പെട്ടി ഓട്ടോറിക്ഷകൾ തങ്ങളുടെ വണ്ടിയിൽ കെട്ടിവലിച്ച് സമാന രീതിയിൽ തരം തിരിച്ച് ആക്രി കടകളിലേക്ക് നൽകും.
ഇത്തരത്തിലുള്ള മോഷണങ്ങൾ വർദ്ധിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രി കടകൾ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചത്.
തൃശൂർ വരവൂർ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് ഇരുവരെയും പിടികൂടിയത്.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ സാധിച്ച ആക്രി വാഹനങ്ങൾ പോലീസ് ചാലിശ്ശേരി സ്റ്റേഷനിലെത്തിച്ചു. ഡി വൈ എസ് പി ഹരിദാസ് , ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് , മറ്റു പോലീസ് ഉദ്യോഗസ്ഥരായ താഹിർ , റഷീദലി, റഷീദ്, അനീസ്, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി രണ്ട് പേരെയും കോടതി റിമാന്റ് ചെയ്തു.
