EDAPPALLocal news

അഭിനയമല്ല, രജനീ മുരളിക്ക് നാടകമാണ് ജീവിതം

എടപ്പാൾ : രജനീ മുരളിക്ക് നാടകം അഭിനയമല്ല, ജീവിതം തന്നെയാണ്. നാടകവും കലാകാരൻമാരും അണിയറയ്ക്ക് പിറകിലേക്കൊതുക്കപ്പെട്ടിട്ടും ഒൻപതാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ നാടകാഭിനിവേശം ഇന്നും തുടരുന്നു.

എടപ്പാൾ തലമുണ്ട നെടുമ്പുറത്തേൽ പരേതനായ ബാലകൃഷ്ണന്റെ മകളായ രജനിയാണ് സിനിമാലോകത്ത് തിരക്കേറിയിട്ടും രണ്ടരപ്പതിറ്റാണ്ടായി നാടകമെന്ന കലയെ വിടാതെ മാറോടണയ്ക്കുന്നത്. ഹേമന്ത്കുമാർ എഴുതി ശിവജി ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘പൂമാതൈ പൊന്നമ്മ’ എന്ന നാടകം കുന്നംകുളം ബാർ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചാണ് ഇവർ തിങ്കളാഴ്ച നാടകദിനമാഘോഷിക്കുന്നത്. വട്ടേനാട് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ നാടകത്തിനു വേണ്ടി വേഷമിട്ട രജനി പിന്നീട് വേദിയിൽനിന്ന് പിന്തിരിഞ്ഞിട്ടില്ല. തിരുവനന്തപുരം സൂര്യയുടെ അഡ്വ. മണിലാൽ എഴുതിയ ‘ഇന്നെന്റെ ജന്മദിന’മെന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടകരംഗത്തേക്കും കയറി.

ബാബ്‌രി മസ്ജിദ് തകർത്ത കാലത്ത് ഡിസംബർ ആറിന് ഏറ്റുമാനൂരിൽനിന്ന് വെഞ്ഞാറമ്മൂടുള്ള തിരുവനന്തപുരം സംഘചേതനയുടെ ‘മഹാകാവ്യം’ എന്ന നാടകത്തിന്റെ ക്യാമ്പിലേക്ക് പോകുന്നതിനിടയിൽ വാനിനു നേരെയുണ്ടായ ബോംബേറിൽ അദ്‌ഭുതകരമായി രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഓർമകളും നാടകജീവിതത്തിൽ രജനിക്ക് കൂട്ടായുണ്ട്.

വട്ടംകുളം ശ്രീകൃഷ്ണ കലാക്ഷേത്രം, പൊന്നാനി ഇടശ്ശേരി നാടക അരങ്ങ്, കുന്നംകുളം നവതരങ്കം, ഗുരുവായൂർ വിശ്വഭാരതി, ബന്ധൂര, ആറ്റിങ്ങൽ ദേശാഭിമാനി, തിരുവനന്തപുരം അശ്വതി, വള്ളുവനാട് നാദം തുടങ്ങി 25-ൽപ്പരം പ്രൊഫഷണൽ സംഘങ്ങളിലായി 2500-ഓളം വേദികളിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച രജനിയെ ഒരുതവണ സംസ്ഥാന അവാർഡിനായി പരിഗണിച്ചെങ്കിലും ചില വിവാദങ്ങൾകൊണ്ട് തഴയപ്പെടുകയായിരുന്നു.

കലാനിലയം നാടകവേദിയുടെ രക്തരക്ഷസ്സും കടമറ്റത്ത് കത്തനാരുമെല്ലാം കേരളത്തിൽ തരംഗമായിരുന്ന കാലത്ത് രജനീ മുരളി അതിന്റെ ഭാഗമായിരുന്നു. ഇടക്കാലത്ത് നാദം കമ്മ്യൂണിക്കേഷന്റെ വടുതല നായർ നാടകവുമായി പോകുന്നതിനിടയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രജനിക്ക് അതു മാറുന്ന കാലംവരെ നാടകത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. രണ്ടുമാസം മുൻപ് ചാലിശ്ശേരിയിൽ നടന്ന തദ്ദേശദിനാചരണത്തിൽ കെ. ദാമോദരന്റെ ‘പാട്ടബാക്കി’ വീണ്ടും വേദിയിലവതരിപ്പിച്ചപ്പോൾ ഇതിലെ ചെറൂട്ടിയമ്മയെന്ന കഥാപാത്രത്തെ ജീവൻ തുളുമ്പുന്നതാക്കിയത് രജനിയുടെ അഭിനയമികവിന്റെ നിറഞ്ഞ കാഴ്ചയായിരുന്നു. ജീവിതത്തിൽ ഈ കലാകാരി ഏറ്റവുമിഷ്ടപ്പെടുന്ന കഥാപാത്രവും ഇതാണ്. മഴവിൽക്കാവടി, ഉയരെ, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി 15-ഓളം സിനിമകളിലും ഈ കലാകാരി ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചിട്ടുണ്ട്. ശിവജി ഗുരുവായൂർ, കരകുളം ചന്ദ്രൻ, പ്രദീപ് റേ, വൽസൻ നിസരി, രാജേഷ് ഇരുളം തുടങ്ങി മലയാള നാടകരംഗത്തെ പ്രമുഖ സംവിധായകർക്കു കീഴിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച രജനി നാടകത്തിലൂടെ തന്നെ പരിചയപ്പെട്ട മുരളിയെ ജീവിതത്തിൽ കൂട്ടാളിയാക്കി യാത്ര ഒരുമിച്ചാക്കി. എന്നാൽ ഏതാനും വർഷംമുൻപ് മുരളിയുടെ കൂട്ട് എന്നേക്കുമായി ഇല്ലാതായതോടെ നാടകവഴിയിൽ രജനിയുടെ ഒറ്റയാൾയാത്ര തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button