KERALA

രക്ഷാദൗത്യം വിജയകരം; ബാബുവിനെ മലമുകളിലെത്തിച്ചു; രക്ഷപ്പെടുത്തിയത് 46 മണിക്കൂറിന് ശേഷം

പാലക്കാട്: മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബു മലയുടെ മുകളിലെത്തി. ബാബുവിനെ താഴേക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റുക എന്നത് ദുഷ്കരമാണ്. അതുകൊണ്ട് തന്നെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്ററിൽ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം. ബാബുവിന് ദൗത്യ സേനാംഗങ്ങൾ തന്നെ ഫസ്റ്റ് എയ്ഡ് നൽകി. രണ്ടര മണിക്കൂറോളം സമയം കൊണ്ടാണ് രക്ഷാസംഘം മലയുടെ മുകളിലെത്തിയത്.

ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു ബാല എന്ന സൈനികൻ. അവസാന ഘട്ടത്തിൽ ഇവർക്കൊപ്പം ഒരു സൈനികൻ കൂടി ചേർന്നിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്ഥാന പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരിമിക്കുകയായിരുന്നു. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്. ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികളേറെയായിരുന്നു. വെള്ളമോ ഭക്ഷണമോ നൽകാൻ യന്ത്രങ്ങൾക്ക് പോലും എത്തിപ്പെടാൻ സാധിക്കാത്ത വിധത്തിൽ ഏറെ പ്രയാസകരമായിരുന്നു ദൗത്യം. രക്ഷാപ്രവർത്തനത്തിന്റെ മണിക്കൂറുകളിൽ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button