KERALA

യൂസഫലി വാക്ക് പാലിച്ചു; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം.

ആമിന ഉമ്മയ്ക്ക് ഇനി ജപ്തിഭീഷണിയില്ലാതെ സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. ജപ്തി തീർത്ത് ബാങ്കിൽ നിന്നും ആധാരം തിരിച്ചെടുത്ത് കൈയ്യിൽ കിട്ടിയപ്പോൾ ആമിനയ്ക്കും ഭർത്താവ് സെയ്ദ് മുഹമ്മദിനും കണ്ണുകളെ വിശ്വസിക്കാനായില്ല. പനങ്ങാട് രക്ഷാപ്രവർത്തകരെ കാണാനെത്തിയ എം.എ.യൂസുഫലിയോട് ആമിന വീട് ജപ്തിഭീഷണിയിലാണെന്ന കാര്യം സൂചിപ്പിച്ചിരുന്നു.’വിഷമിക്കണ്ട, ജപ്തി ചെല്ലട്ടോ, ഞാൻ നോക്കിക്കോളാം എന്ന് അദ്ദേഹം നൽകിയ വാക്കാണ് ആമിനയ്ക്കും കുടുംബത്തിനും കൈത്താങ്ങായത്.

ആമിന തൊഴിലുറപ്പ് ജോലിയ്ക്ക് പോയതിനിടെയാണ് ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞു വീട്ടിലേക്കു വന്നത്. തങ്ങൾ ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് പറഞ്ഞപ്പോഴും ആമിനയ്ക്ക് ആരാണെന്നു മനസ്സിലായില്ല. യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവിസ് സഹകരണ ബാങ്കിൽ വായ്പയും കുടിശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ചുതീർത്തതായി ജീവനക്കാർ ആമിനയോടു പറഞ്ഞു. വായ്പാ അടവും പലിശയും ബാങ്കിൽ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ എൻ.ബി. സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ് . ഒരു നിമിഷം ആശ്ചര്യപ്പെട്ടു നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. ജപ്തി ഭീഷണി നീങ്ങിയതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു.പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം ഇന്നലെ യൂസഫലിയോടു നേരിട്ടു പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. ക്യാൻസർ
രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദ്ദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളിൽ.


ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവിസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിക്കുന്ന സ്ഥലം പണയം വച്ചു നേരത്തെ വായ്പ എടുത്തത്. മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്റെ ചികിത്സയ്ക്കും മറ്റുമായി ചെലവുകൾ വഴിയും അടവു മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി. വായ്പ തുകയായ 214,242 രൂപയും പലിശയും പിഴ പലിശയുമടക്കം ആകെ 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവച്ചത്. വായ്പയ്ക്കു വേണ്ടി ബാങ്കിന്റെ പേരിലാക്കിയ ഭൂമിയുടെ രേഖകൾ ഉടനെ തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നൽകും.

ഹെലികോപ്റ്റർ അപകട സമയത്ത് ജീവൻ രക്ഷിച്ച രാജേഷിന്റെ കുടുംബത്തിനു നന്ദി പറയാൻ ഇന്നലെ പനങ്ങാട് എത്തിയപ്പോഴാണ് തന്റെ സങ്കടം അറിയിക്കാൻ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ച് മനസിലാക്കിയ ഉടൻ ബാങ്കിൽ പണം കെട്ടിവച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് ജീവനക്കാരോട് യൂസഫലി നിർദ്ദേശിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button