MALAPPURAMPOLITICS

യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ അൻവർ പാണക്കാട്ട്; യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: യു.ഡി.എഫ് പ്രവേശന ചർച്ചകൾക്കിടെ പി.വി. അൻവർ എം.എൽ.എ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അൻവർ പാണക്കാട്ടെത്തിയത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കരുതലോടെയാണ് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ളതെല്ലാം ചെയ്യും. ശക്തിക്കായി വേണ്ടതെല്ലാം ചെയ്യുമെന്നും മാത്രമാണ് തങ്ങൾ പറഞ്ഞത്. അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ പിന്തുണ നൽകുമെന്നും തങ്ങൾ അറിയിച്ചു. മലയോര ജനതയുടെ പ്രശ്നങ്ങൾക്കും വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിനും പിന്തുണ തേടിയാണ് പാണക്കാട്ട് എത്തിയതെന്ന് കൂടിക്കാഴ്ചക്കുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, അൻവറിന്‍റെ കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അൻവർ കൂടിക്കാഴ്ച നടത്തും. അൻവറിനെ മുന്നണിയിലെടുക്കാൻ ലീഗിന്റെ നേതൃത്വത്തിൽ സമ്മർദം തുടരുന്നതിനിടെയാണു പുതിയ നീക്കം. വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അൻവർ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അൻവർ മുന്നറിയിപ്പ് നൽകി. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി. ജനങ്ങള്‍ പോയി വനത്തിൽ വീട് വെച്ചതല്ല, മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. മൃഗങ്ങളെ ജനവാസ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ്.

കാര്‍ബണ്‍ ഫണ്ടില്‍ നിന്നു പത്ത് പൈസ പോലും ജനങ്ങള്‍ക്ക് കിട്ടിയില്ല. 10,000 ഹെക്ടര്‍ കേരളത്തില്‍ വനം വര്‍ധിച്ചു. ഭൂമി ഇവിടെ പെറ്റുപെരുകുന്നുണ്ടോ? സെക്രട്ടേറിയറ്റിന് അകത്തുവരെ പുലി വരുന്ന സാഹചര്യം ഉണ്ടാകും. വനഭേദഗതി ബിൽ നിയമമായാൽ പുഴകളുടെ നിയന്ത്രണവും വനംവകുപ്പിന്‍റെ കൈകളിലാവും. കുടിവെള്ള പദ്ധതികളെ പോലും ഇത് ബാധിക്കും. ബില്‍ മറച്ചുവെച്ച് പാസാക്കാനാണ് നീക്കം നടത്തിയത്. റോഷി അഗസ്റ്റിന്‍ മലയോര കര്‍ഷകരുടെ രക്ഷകന്‍ അല്ലേ? എന്താണ് മിണ്ടാതിരിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ പ്രകൃതി സ്‌നേഹികളല്ലേ? വനം വകുപ്പ് മന്ത്രിയെ മാറ്റാത്തതിലും അന്‍വര്‍ വിമര്‍ശിച്ചു.

എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രി ആക്കിയാല്‍ ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ്. മന്ത്രിയെ മാറ്റാത്തത്. ക്രൈസ്തവ സമൂഹമാണ് ബില്ല് കൊണ്ട് ഏറ്റവും ദോഷം അനുഭവിക്കുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. വനംവകുപ്പ് അതിഥി മന്ദിരങ്ങൾ തെമ്മാടിത്ത കേന്ദ്രങ്ങളാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ആഡംബര വണ്ടികള്‍ എന്തിനാണ്? യു.ഡി.എഫ് നേതൃത്വം ഈ വിഷയം ഏറ്റെടുക്കണം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരണം. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.കേരളത്തില്‍നിന്നുതന്നെ ഇതിന് തുടക്കം കുറിക്കണം. അതിന് വേണ്ടി 2026ല്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നും അന്‍വര്‍ പറഞ്ഞു. വന നിയമ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധത്തിന് പിന്തുണ തേടി മുഴുവന്‍ യു.ഡി.എഫ് നേതാക്കളെയും കാണും. മുന്നണി പ്രവേശനം ഒന്നുമല്ല ഇപ്പോഴത്തെ വിഷയം. കേരളത്തില്‍ നൂറോളം കര്‍ഷക സംഘടനകള്‍ ഉണ്ട്. മലയോര മേഖലയിലെ സഭകളുണ്ട്. അവരെയൊക്കെ യു.ഡി.എഫ് ഒരുമിച്ച് നിര്‍ത്തണം. ആദിവാസികള്‍ക്ക് നല്‍കുന്ന പത്തില്‍ ഒന്ന് പോലും അവര്‍ക്ക് ലഭിക്കുന്നില്ല. ആദിവാസി ദലിത് മേഖലയില്‍ യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് സംബന്ധിച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button