യുപി കേരളമായാല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഇടമാവും’; യോഗിക്ക് പിണറായിയുടെ മറുപടി

കേരളത്തിന് എതിരെ പരാമര്‍ശവുമായി രംഗത്ത് എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് പിണറായി വിജയന്‍ മറുപടിയായി ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.’
ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്’. എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആയിരുന്നു കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ് രംഗത്ത് എത്തിയത്.
ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കുന്നു. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനേയും യുപി മുഖ്യമന്ത്രി തന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അവസാനവട്ട വോട്ടഭ്യര്‍ഥന നടത്തിയിരിക്കുന്നത്.
തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിക്കുന്നത്. അഞ്ചുവര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നതെന്ന് യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്. ശ്രദ്ധയോടെ വോട്ടെടുപ്പില്‍ പങ്കുകൊള്ളേണ്ടതിന്റെ ആവശ്യകത വിവരിക്കവെയാണ് വോട്ട് രേഖപ്പെടുത്തുന്നതില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്ന യോഗിയുടെ അവകാശവാദം. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്യം ഉറപ്പാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന വോട്ടെന്നും യോഗി പറഞ്ഞു.ഇതിനിടെയാണ് കശ്മീരോ കേരളമോ ബംഗാളോ പോലെ യുപിയും മാറിപ്പോകുമെന്ന് യോഗി വിവാദമായ മുന്നറിയിപ്പും നല്‍കുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിന്‍ ഭരണസംവിധാനത്തിന്റെ മികവില്‍ പ്രതിബദ്ധതയോടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നതെന്നും യോഗി ചൂണ്ടിക്കാണിക്കുന്നുണ്ട്.
