KUTTIPPURAM

യാത്ര കഴിഞ്ഞ് ദേശാടനക്കിളികള്‍ തിരിച്ചെത്തി; തിരുന്നാവായയില്‍ ഇനി ഇവരുടെ കൂടൊരുക്കല്‍ കാലം

തിരുനാവായ ∙ ‌വിശാലമായി പരന്നു കിടക്കുന്ന താമരക്കായലും അതിലൂടെ ഒഴുകുന്ന വാലില്ലാപ്പുഴയുമെല്ലാം വിട്ടു പോകാൻ ദേശാടനക്കിളികൾക്കായില്ല. മഴ പെയ്തു തുടങ്ങിയതോടെ ഒരു യാത്ര കഴിഞ്ഞ് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ പോലെ അവയെല്ലാം തിരുനാവായ പല്ലാറിൽ വീണ്ടും വിരുന്നെത്തി. നീർപക്ഷികളായ ചേരാകൊക്കൻ, വെള്ള അരിവാൾ കൊക്കൻ, കന്യാസ്ത്രീ കൊക്ക് തുടങ്ങി ഒട്ടേറെ പക്ഷികളാണു കൂട്ടത്തോടെ പല്ലാർ കായലുകളിലെ മരക്കൊമ്പുകളിൽ തിരിച്ചെത്തി വീണ്ടും കൂടൊരുക്കുന്നത്.

ഇതിൽ ചേരാക്കൊക്കൻ എന്നറിയപ്പെടുന്ന ഓപ്പൺ ബിൽ സ്റ്റോർക്ക് ഇവിടത്തെ സ്ഥിരതാമസക്കാരായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ഇവയെ കാണപ്പെടുന്നതും ഇവിടെയാണ്. വർഷം മുഴുവൻ വെള്ളക്കെട്ടുള്ള പല്ലാറിലെ കായലുകളും പുഴയും ഇവയ്ക്കു വേണ്ട ഭക്ഷണവും സുരക്ഷയും ഉറപ്പു നൽകുന്നതാണ് അതിനു കാരണം. 

വർഷം തോറും ഇവയുടെ എണ്ണം കൂടി വരുന്നതായി പക്ഷി നിരീക്ഷകനായ സൽമാൻ കരിമ്പനയ്ക്കൽ പറയുന്നു. മരക്കൊമ്പുകളിൽ ഇവയുടെ കൂടുകളുടെ എണ്ണവും കൂടി വരുന്നുണ്ട്. കൂടാതെ നീലക്കോഴി, വിസിൽ ഡക്ക് എന്ന ചൂളൻ എരണ്ട, ഡാർട്ടർ എന്ന ചേരാക്കോഴി, നൈറ്റ് ഹൈറൺ എന്ന പാതിരാക്കൊക്ക്, പർപ്പിൾ ഹെറോൺ എന്ന ചായമുണ്ടി, കോർമറന്റുകൾ എന്ന നീർ കാക്കകൾ തുടങ്ങിയ പക്ഷികളും പല്ലാറിൽ കൂടുവയ്ക്കാൻ എത്തുന്നതായി സൽമാൻ പറയുന്നു. ഇതിൽ പ്രത്യേക സംരക്ഷണപ്പട്ടികയിൽ പെട്ട ചേരാക്കോഴിയുടെ വംശവർധന വലിയ പ്രതീക്ഷയാണു നൽകുന്നതെന്നു പക്ഷി ഗവേഷക ശ്രീനില മഹേഷ് പറഞ്ഞുഇത്തരം പ്രത്യേക സംരക്ഷപ്പട്ടികയിൽ പെട്ട പക്ഷികൾ ഇവിടെയുള്ളതിനാലും കൊറ്റില്ലങ്ങളുടെ വർധനയുള്ളതിനാലും ജില്ലാ വനംവകുപ്പ് പ്രദേശത്ത് നേരിട്ടുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിച്ച് രാത്രികാല നിരീക്ഷണങ്ങളും നടക്കുന്നുണ്ട്. പക്ഷിവേട്ട ശ്രദ്ധയിൽ പെട്ടാൽ അറിയിക്കുകയും ചെയ്യാം. 9895252471.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button