യാത്രക്കിടെ നെഞ്ചുവേദന വന്ന യുവാവ് ആശുപത്രിയിലെത്തുംമുൻപ് മരിച്ചു
April 8, 2023
എടപ്പാൾ: ടൈൽസ് കടയിൽനിന്ന് സാധനം കയറ്റാൻ പോകുകയായിരുന്ന ലോറി ക്ലീനർ യാത്രക്കിടെയുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. കോഴിക്കോട്, തലയാട് ചേമ്പിൻകര അസീസിന്റെ മകൻ അഫ്സൽ (35) ആണ് വെള്ളിയാഴ്‌ച രാത്രി ഏഴരയോടെ എടപ്പാൾ ആശുപത്രിയിൽ മരിച്ചത്. കാസർകോട്ടുനിന്ന് ചേകനൂരിലുള്ള ടൈൽസ് കടയിലേക്ക് സാധനം കയറ്റാനായി ലോറിയിൽ ഡ്രൈവർക്കൊപ്പം വരുകയായിരുന്നു അഫ്‌സൽ. പരപ്പനങ്ങാടിയിൽവെച്ച് നെഞ്ചുവേദന വന്നെങ്കിലും ഗ്യാസ്ട്രബിൾ ആണെന്നു കരുതി യാത്രതുടർന്നു. മാണൂരിൽ എത്തിയതോടെ വേദന കലശലായി അവിടെയുള്ള ക്ലിനിക്കിൽ കാണിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ എടപ്പാൾ ആശുപത്രിയിയിലേക്ക് അയക്കുകയായിരുന്നു. എന്നാൽ, അവിടെ എത്തുമ്പോഴേക്കും മരിച്ചു. ഏതാനും ദിവസം മുൻപും ഇദ്ദേഹത്തിന് ഹൃദയാഘാതം വന്നിരുന്നതായി പറയുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.