യന്ത്രത്തകരാർ മൂലം പുറംകടലിൽ നിന്നുപോയ ബോട്ട് തേടി സാഹസിക യാത്ര; തിരികെ എത്തിച്ചു


താനൂർ: യന്ത്രത്തകരാർ മൂലം
പുറംകടലിൽ നിന്നുപോയ ബോട്ട് തേടി സാഹസിക യാത്ര. ആഞ്ഞടിക്കുന്ന തിരമാലകൾ വകവയ്ക്കാതെ ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, നങ്കൂരം പൊട്ടി മുങ്ങാറായ ബോട്ട് കണ്ടെത്തി തിരിച്ചെത്തിച്ചപ്പോൾ താനൂർ കടപ്പുറത്ത് സന്തോഷത്തിരമാല. റാഷിദ മോൾ എന്ന ബോട്ടിൽ പോയ ഒസാൻ കടപ്പുറത്തെ ഖാലിദും സംഘവുമാണ് കടലിൽ കുടുങ്ങിയത്. ബോട്ട് കടലിൽ കുടുങ്ങിയെങ്കിലും ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം റോഡ് മാർഗം ഇവർ താനൂരിൽ തിരിച്ചെത്തി.
എന്നാൽ ബോട്ട് നഷ്ടപ്പെട്ട സങ്കടം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് ആലിങ്ങൽ ചെറിയബാവയും സംഘവും രക്ഷാദൗത്യം ഏറ്റെടുത്തത്. അൽബഖറ എന്ന ബോട്ടിലാണ് ഇവർ പുറപ്പെട്ടത്. മഴയും മരവിപ്പിക്കുന്ന തണുപ്പും ക്ഷോഭിച്ച കടലും കൂസാതെ മുന്നോട്ട്. ഒടുവിൽ നോർത്ത് പറവൂരിന് പടിഞ്ഞാറ് 20 കിലോമീറ്റർ അകലെയായാണ് ബോട്ട് കണ്ടെത്തിയത്. ഏതു സമയവും മുങ്ങാമെന്ന സ്ഥിതിയിലായിരുന്നു ബോട്ട്, കടലിൽ ചാടി വടം കെട്ടി ബോട്ട് സുരക്ഷിതമാക്കി.
പിന്നീട് കെട്ടിവലിച്ച് 16 മണിക്കൂർ നീണ്ട യാത്ര. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബോട്ടുകൾ താനൂർ തുറമുഖത്തെത്തി. 12 ലക്ഷം രൂപ വിലമതിക്കുന്ന ബോട്ടാണ് രക്ഷപ്പെടുത്തിയത്. ഗഫൂർ, സിദ്ദീഖ്, സുബൈർ, അർഷാദ് എന്നിവരാണ് ചെറിയ ബാവയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.













