മഴക്കാലം എത്തിയതോടെ മലപ്പുറം ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർധിക്കുന്നു. 202ന് അപേക്ഷിച്ചു അഞ്ചുമാസത്തിനിടെ ജില്ലയിൽ വൈറൽ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് രോഗങ്ങളെ ചെറുക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ₹25,393 പേർക്കാണ് അധികമായി ജില്ലയിൽ ഈ വർഷം വൈറൽ പനി രേഖപ്പെടുത്തിയത്. ജില്ലാ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരമാണിത്. 2022 ജനുവരി മുതൽ മെയ് വരെ ആകെ 1,28,800 പേർക്കാണ് ആകെ വൈറൽ പനി റിപ്പോർട്ട് ചെയ്തത്. 2023 ജനുവരി മുതൽ മെയ് മാസം വരെ 1,54,193 പേർക്ക് റിപ്പോർട്ട് ചെയ്തു. 2022ൽ ജനുവരിയിൽ മാത്രമാണ് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്തത്. 39,502 പേർ പനി ബാധിതരായി.തുടർന്നുവരുന്ന മാസങ്ങളിൽ ബാധിതരുടെ എണ്ണത്തിന് താരതമ്യേന കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിൽ 28,007, മാർച്ചിൽ 21,274, ഏപ്രിൽ 17,776, മെയിൽ 22,241കേസുകളും റിപ്പോർട്ട് ചെയ്തു. 2023 മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും തുടർന്നുവന്ന മാസങ്ങളിൽ കേസുകൾ കുറയാതെ നിന്നു. ഇതോടെ ആകെ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. 2023 ജനുവരിയിൽ മാത്രം 32,114 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മുൻവർഷത്തെ അപേക്ഷിച്ച് 7,388 കേസുകളുടെ കുറവുണ്ടായിരുന്നു. എന്നാൽ ഫെബ്രുവരി- 30,895, മാർച്ച് – 32,636, ഏപ്രിൽ -33,864, മെയ് -24,684കേസുകൾ രേഖപ്പെടുത്തി. മഴക്കാലം എത്തുന്നതോടെ വൈറൽ പനി ഇനിയും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ മുന്നോടിയായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു