മലപ്പുറം ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂളുകള്‍ തുടങ്ങും

മലപ്പുറം: മലപ്പുറത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാന്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എത്രയും വേഗം ബഡ്സ് സ്കൂളുകള്‍ തുടങ്ങാന്‍ തീരുമാനം.
ജില്ലയിലെ സാധ്യമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷത്തിലും മറ്റുള്ളവര്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തിലും നിര്‍ബന്ധമായും ഭിന്നശേഷിക്കാര്‍ക്കായി ബഡ്സ് സ്കൂളുകള്‍ തുടങ്ങണമെന്ന് കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍ദേശിച്ചു.
നിലവിലെ ബഡ്സ് സ്കൂളുകള്‍ മെച്ചപ്പെടുത്താനും പുതിയത് ആരംഭിക്കാനും തനത് ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ജനകീയമായി സമാഹരിക്കുന്ന ഫണ്ടും ഉപയോഗപ്പെടുത്തണമെന്നും കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡന്റും നിര്‍ദേശം നല്കി.
ജില്ല ആസൂത്രണ സമിതി യോഗ തീരുമാന പ്രകാരം ജില്ലയില്‍ കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ തുടങ്ങി മലപ്പുറത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കാനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന ആലോചന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് എന്‍.എ. കരീം അധ്യക്ഷത വഹിച്ചു. കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ മുഖ്യാതിഥിയായി.
ഡെപ്യൂട്ടി കലക്ടര്‍ രാഗേഷ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്പേഴ്സന് സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് അബ്ദു കാരാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് കെ. അബ്ദുല്‍കലാം, ജില്ല പ്ലാനിങ് ഓഫിസര്‍ ഫാത്തിമ, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ജാഫര്‍ കക്കോത്ത്, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജര്‍ കെ.എസ്. അസ്കര്‍ എന്നിവര്‍ സംസാരിച്ചു.
ആലോചന യോഗത്തില്‍ ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നഗരസഭ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷന് സഹായത്തോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്കൂളുകള്‍ തുടങ്ങാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സംയോജനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുകൂടിയാണ് യോഗം ചേര്‍ന്നത്.
