MALAPPURAM

മർദനമേറ്റ വയോധികയെ ജാഗ്രതാസമിതി ജില്ലാ ആശുപത്രിയിലാക്കി

നിലമ്പൂർ:വയോധികയ്ക്ക്അയൽവാസിയിൽനിന്ന് മർദനമേറ്റതിനെത്തുടർന്ന് വാർഡ് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂരിലെ ആദ്യകാല നൃത്താധ്യാപികയായ ചന്തക്കുന്ന് സി.എച്ച്. കോളനിയിലെ താമസക്കാരി എടക്കണ്ടിയിൽ ഇന്ദ്രാണി(80)ക്കാണ് സമീപത്തെ താമസക്കാരനിൽനിന്ന് മർദനമേറ്റതായി പരാതിയുള്ളത്. ഇതുസംബന്ധിച്ച് നിലമ്പൂർ പോലീസ് കേസെടുത്തു. നിലമ്പൂർ സി.എച്ച്. കോളനിയിലെ വീട്ടിൽ ഇന്ദ്രാണിയോടൊപ്പം മകൻ മാത്രമാണ് താമസിക്കുന്നത്.

അമ്മയ്ക്ക് ശരിയായരീതിയിൽ മകൻ പരിചരണം നൽകുന്നില്ലെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. മകന്റെ സുഹൃത്തായ അയൽക്കാരൻ ഇവരുടെ വീട്ടിൽ പലപ്പോഴും വന്ന്‌ മകനുമൊത്ത് മദ്യപിക്കാറുണ്ടെന്നും സമീപത്തെ താമസക്കാർ പറയുന്നു. ഇടയ്ക്കെല്ലാം മർദിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ നേരത്ത് ഇന്ദ്രാണിയുടെ വീട്ടിൽനിന്ന് ബഹളംകേട്ടാണ് അയൽക്കാർ ഓടിക്കൂടിയത്. ചെന്നപ്പോൾ അയൽക്കാരനായ വ്യക്തി മർദിക്കുന്നതു കണ്ടു. തുടർന്ന് മർദിക്കുന്നതിന്റെ രംഗങ്ങൾ സമീപവീട്ടിലെ കുട്ടികൾ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലിടുകയായിരുന്നു. ഇങ്ങനെയാണ് പുറംലോകം വിവരമറിയുന്നത്.

ഇതിനെത്തുടർന്ന് ബുധനാഴ്ച നിലമ്പൂർ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, വാർഡ് കൗൺസിലർ രജനി അജിത്ത്, സി.എച്ച്. കോളനി അങ്കണവാടിയിലെ വർക്കർ എൻ.എ. സുമതി, ആശ വർക്കർ എം. സോജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ സെലീന ജോസഫ്, നിമ്മി അബ്രഹാം, കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ പി. അശ്വതി എന്നിവരുടെ നേതൃത്വത്തിൽ ഇന്ദ്രാണിയുടെ വീട്ടിലെത്തി വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളുള്ള ഇവരുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ ഇന്ദ്രാണിയുടെ സമീപവാസി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സി.ഐ. സുനിൽ പുളിക്കൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button