മോഷ്ടിച്ച ബൈക്ക് സോഷ്യൽ മീഡിയയിൽ വിൽപ്പന പരസ്യം നൽകി; മോഷ്ടാവിനെ പൊക്കി കുന്നംകുളം പോലീസ്
![](https://edappalnews.com/wp-content/uploads/2023/07/f5d54b01-40a9-4de2-9e04-fce51595d166.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-8-19-1024x1024.jpg)
വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ വില്പന പരസ്യം നൽകിയ വിൽക്കാൻ ശ്രമിച്ച മോഷ്ടാവിനെ കുന്നംകുളം പോലീസ് പൊക്കി. എരുമപ്പെട്ടി വെള്ളറമ്പ് സ്വദേശി ചിരളയത്തുഞാലു വീട്ടിൽ 19 വയസ്സുള്ള അഭയ് കൃഷ്ണനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാണിപ്പയ്യൂർ സ്വദേശി റോഷന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാൾ റോഷന്റെ സുഹൃത്തിന്റെ വീട്ടു മുറ്റത്തുനിന്ന് മോഷ്ടിച്ചത്. അർദ്ധരാത്രിയിൽ ആയിരുന്നു മോഷണം. തുടർന്ന് റോഷൻ കുന്നംകുളം പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം പ്രതി ബൈക്കിന് രൂപമാറ്റം വരുത്തി സോഷ്യൽ മീഡിയയിൽ വില്പന പരസ്യം നൽകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വാഹന ഉടമ പോലീസിനെ വിവരം ധരിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. എറണാകുളത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇത്തരത്തിൽ മുൻപും സോഷ്യൽ മീഡിയയിൽ ഇയാൾ മോഷ്ടിച്ചു കൊണ്ടുവന്ന വാഹനങ്ങൾ വിൽപ്പന ചെയ്തിട്ടുണ്ട്. എരുമപ്പെട്ടി ഉൾപ്പെടെയുള്ള പ്രധാന പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)