ലേഡീ റഫറി


തേഞ്ഞിപ്പലം : മനസ്സർപ്പിച്ചുള്ള പരിശീലനത്തിലാണ് പ്രവീണ. സെപ്റ്റംബറിൽ കൊച്ചിയിലെ കാക്കനാട്ട് നടക്കുന്ന ഇന്റർ കോൺടിനെന്റൽ ബ്ലൈൻഡ് ഫുട്ബോൾ കപ്പിൽ റഫറിയായി തിളങ്ങാനുള്ള പരിശീലനം. കാലിക്കറ്റ് സർവകലാശാലയിൽ എം.പി.എഡ്. രണ്ടാംവർഷ വിദ്യാർഥിയായ വി.പി. പ്രവീണയാണ് പഠനത്തിനും ജോലിക്കുമൊപ്പം ഇഷ്ടമേഖലയായ ഫുട്ബോളിനും സമയംകണ്ടെത്തുന്നത്.
പത്തു രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്റർ കോൺടിനെന്റൽ കപ്പ് സെപ്റ്റംബർ 23-നാണ് തുടങ്ങുന്നത്. എറണാകുളം എളമക്കര സ്വദേശിയായ 25 കാരി ഫുട്ബോളിലേക്ക് എത്തുന്നത് ആറുവർഷംമുൻപാണ്. അന്ന് ഫുട്ബോൾ കളിക്കാരിയായിരുന്നു. റഫറി ആകുന്നത് മറ്റൊരു വഴിത്തിരിവ്. മഹാരാജാസ് കോളേജിൽ ഡിഗ്രി പഠനത്തോടൊപ്പം ഫുട്ബോളിൽ സജീവമായിരുന്ന പ്രവീണ കോച്ചായിരുന്ന സി.വി. സീനയിൽനിന്നാണ് കാഴ്ച പരിമിതരുടെ ഫുട്ബാളിനെക്കുറിച്ചും റഫറി കോഴ്സിനെക്കുറിച്ചും അറിയുന്നത്. തുടർന്ന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ (ഐ.ബി.എഫ്.എഫ്.) നടത്തിയ റഫറി കോഴ്സിൽ പങ്കെടുത്തു.
പരിശീലനങ്ങൾക്കൊടുവിൽ പത്തൊൻപതാം വയസ്സിൽ ആലുവയിലെ കീഴ്‌മാടുള്ള ഭിന്നശേഷിക്കുട്ടികളുടെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബ്ലൈൻഡ് ഫുട്ബോൾ മത്സരം നിയന്ത്രിച്ച് റഫറിവേഷത്തിൽ തുടക്കംകുറിച്ചു. ഇതിനിടെ ഇന്ത്യയിലെ കാഴ്ച പരിമിതരായ സ്ത്രീകളുടെ ഫുട്ബോൾ ടീമിലേക്ക് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2018-ൽ കൊച്ചിയിൽ നടന്ന ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്, സൗത്ത് ആൻഡ് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദമത്സരം, 2019-ൽ നാലാമത് ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്, 2022-ലെ മഹാരാഷ്ട്രയിൽ നടന്ന വനിതാ ദേശീയ ഫുട്ബോൾ ടൂർണമെന്റ്, 2023 -ൽ ഏഷ്യ പസഫിക് ഇൻവിറ്റേഷൻ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി ഐ.ബി.എഫ്.എഫ്. നടത്തിയ ഒട്ടേറെ മത്സരങ്ങൾ പ്രവീണ നിയന്ത്രിച്ചു. 2022-ൽ കാക്കനാട് നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിക്കോഫിന് വിസിൽ മുഴക്കിയതും പ്രവീണതന്നെ. കേരളത്തിൽനിന്ന് ആകെ രണ്ടു പെൺകുട്ടികളാണ് ബ്ലൈൻഡ് ഫുട്ബോളിൽ റഫറിയായിട്ടുള്ളത്. എന്നാൽ രാജ്യാന്തരതലത്തിൽ റെഫറി സർട്ടിഫിക്കേഷൻ ലഭിച്ച ഏക വനിത റെഫറിയാണ് പ്രവീണ.
തായ്‌ലൻഡിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്താണ് പ്രവീണ ഈ നേട്ടം കൈവരിച്ചത്. മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോഴെല്ലാം പിന്തുണ നൽകുന്ന കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം കോ-കോർഡിനേറ്റർ മനോജിനോടും കടപ്പാടുണ്ട് പ്രവീണയ്ക്ക്. ‘ഫുട്ബോളിന്റെ ഹാർട്ട് ആൻഡ് സോൾ ആണ് റഫറി. ബ്ലൈൻഡ് ഫുട്ബോളിൽ റഫറി ആയിരിക്കുക അത്ര എളുപ്പമല്ല. സാധാരണ ഫുട്ബോൾ കളിക്കാരെ നിയന്ത്രിക്കുന്നതിലും പതിന്മടങ്ങ് പ്രയാസമേറിയതാണ്. കേൾവികൊണ്ട് മാത്രം പന്തിനെ വരുതിയിലാക്കുന്ന കളിക്കാർ എന്നും അത്ഭുതമാണ്. ഇവർക്ക് 15-15 മിനിറ്റാണ് സമയം. റഫറിമാരുടെ എണ്ണം കുറവായതിനാൽ ഒരു ദിവസംതന്നെ പല മത്സരങ്ങളും നിയന്ത്രിക്കേണ്ടി വരും. ഉറക്കവും ഭക്ഷണവും എല്ലാം പ്രയാസമാണ്. സാമ്പത്തികലാഭം പ്രതീക്ഷിച്ചല്ല, കളിയോടുള്ള ആവേശംകൊണ്ടുമാത്രമാണ്. എങ്കിലും ബ്ലൈൻഡ് ഫുട്ബോളിന് ലഭിക്കേണ്ട അംഗീകാരങ്ങൾ ഇന്നും തേടിയെത്തുന്നില്ല. തുടക്കത്തിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ അംഗീകാരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ഇന്ന് ആ സ്ഥിതി മാറി. റഫറിമാർക്ക് പ്രത്യേകമൊരു ബോഡി ഉണ്ടാകണം. സർക്കാരിന്റെ പരിഗണനയും. അംഗീകാരങ്ങൾ താനേ വന്നോളും’ – പ്രവീണ പറയുന്നു.
വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗം അധ്യാപികയാണ് പ്രവീണ. എളമക്കരയിൽ പരേതനായ പ്രസന്നൻ -ശശികല ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: അമൽകുമാർ, സഹോദരൻ: പ്രവീൺകുമാർ.
