KUTTIPPURAM

മോഷണ പരമ്പരയിലെ പ്രതി; കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

കുറ്റിപ്പുറം: കാമുകിയുമൊന്നിച്ചു കഴിയാൻ പത്തനംതിട്ടയിലെത്തിയ കുറ്റിപ്പുറം സ്വദേശി കാമുകൻ 10 ദിവസത്തിനിടെ പ്രതിയായത് 4 മോഷണക്കേസുകളിൽ.
അടിച്ചുമാറ്റിയ ഓട്ടോറിക്ഷയിൽ കാമുകിക്കൊപ്പം കുറ്റിപ്പുറത്തുനിന്ന് പത്തനംതിട്ടയിലേക്ക് അടിപൊളി യാത്ര. വരുന്നവഴി പെരുമ്പാവൂരിലെ പമ്പിൽ കയറി കള്ളത്തരം കാണിച്ച് പെട്രോൾ അടി. പത്തനംതിട്ടയിലെത്തിയപ്പോൾ കുരിശടി തകർത്ത് മോഷണം. പിന്നെ അങ്ങാടിക്കലിലെ കാമുകിയുടെ വാടക വീട്ടിൽ താമസിച്ച് നാട്ടിലേക്കിറങ്ങി രണ്ട് ബൈക്ക് കവർച്ച.

കാര്യങ്ങൾ വലിയ മുട്ടില്ലാതെ പോകുമ്പോൾ പക്ഷേ പോലീസ് പണിപറ്റിച്ചു. കുറ്റിപ്പുറം കാമുകൻ കുറ്റിക്കകത്തായി. പല മോഷണവും അറിഞ്ഞും കണ്ടും കൂടെയുണ്ടായിരുന്നെന്ന് മൊഴികൊടുത്ത കാമുകിയുടെ കാര്യവും അത്ര പന്തിയല്ല. വരുംദിവസങ്ങളിൽ അകത്തായേക്കും.

കുറ്റിപ്പുറം തവനൂർ അതല്ലൂർ തൃപ്പള്ളൂർ പോയിലിവളപ്പിൽ വീട്ടിൽ അനന്തകൃഷ്ണനെ(21) കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. മേയ് 30-ന് പുലർച്ചെ വാഴമുട്ടം മാർബഹനാൻ ഓർത്തഡോക്സ് പള്ളി കുരിശടിയുടെ ഗ്ലാസ് തകർത്ത് മോഷണം നടന്നു. 20,000 രൂപയാണ് പോയത്. ഈ കേസിലാണ് അനന്തകൃഷ്ണൻ പിടിയിലാകുന്നത്. സിസിടിവിയിൽ പതിഞ്ഞ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഞ്ചാംദിവസം വള്ളിക്കോട് ഭാഗത്തുനിന്ന് പിടികൂടിയ ഈ ഓട്ടോ മോഷണമുതലാണെന്നും പോലീസ് കണ്ടെത്തി.

കസ്റ്റഡിയിലായ അനന്തകൃഷ്ണൻ കുരുശടി, ഓട്ടോറിക്ഷ മോഷണക്കുറ്റങ്ങൾ ഏറ്റു. പത്തനംതിട്ടയിലെ അന്വേഷണസംഘം കുറ്റിപ്പുറം പോലീസിൽ അന്വേഷിച്ചപ്പോളാണ് മേയ് 29-ന് തൃപ്പള്ളൂർ സ്വദേശി ഷാജിയുടെ ഓട്ടോറിക്ഷ മോഷണംപോയതിന് പരാതിയുണ്ടെന്ന കാര്യം അറിയുന്നത്.

മോഷ്ടിച്ച ഓട്ടോറിക്ഷയിൽ കാമുകിയുമായി പത്തനംതിട്ടയിലേക്ക് വരുന്നതിനിടെ പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചിരുന്നു. അവിടെ പണംനൽകാതെയാണ് കടന്നുകളഞ്ഞത്. പമ്പുടമ സിസിടിവി നോക്കി ഓട്ടോയുടെ ആർസി ഉടമയെ ബന്ധപ്പെടുകയും കുറ്റിപ്പുറം പോലീസിനെ അറിയിക്കുകയും ചെയ്തു. സിസിടിവിയിൽ കണ്ടത് അയൽവാസിയായ അനന്തകൃഷ്ണൻ ആണെന്ന സംശയം ഓട്ടോ ഉടമ പോലീസിനോട് പറഞ്ഞിരുന്നു. അങ്ങാടിക്കലിൽ താമസിച്ച് വള്ളിക്കോടുനിന്ന് ബൈക്ക് മോഷ്ടിച്ച് അടൂരിൽകൊണ്ടുപോയി വിൽപ്പന നടത്തിയതായും കൊടുമൺ പുലരി ജങ്ഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ചതായും അനന്തകൃഷ്ണൻ പോലീസിനോട് സമ്മതിച്ചു.

കുറ്റിപ്പുറത്തുനിന്ന് ഓട്ടോയിൽ വരുമ്പോഴും വാഴമുട്ടത്ത് മോഷണശ്രമം നടത്തുമ്പോളും ഓട്ടോയിലുണ്ടായിരുന്നെന്നാണ് യുവതി പോലീസിന് മൊഴിനൽകിയത്. 2024-ൽ കോട്ടയത്ത് ഒരു കെയ്ക്ക് കമ്പനിയിൽ ജോലിചെയ്യുമ്പോൾ അവിടത്തെ ഡ്രൈവറായ അനന്തകൃഷ്ണനുമായി പരിചയത്തിലായെന്നാണ് ഇവർ പറയുന്നത്. അനന്തകൃഷ്ണൻ മുൻപ് വർക്ഷോപ്പിൽ ജോലിചെയ്തിരുന്നയാളാണ്. പ്രതിയെ കോടതി റിമാൻഡുചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button