KERALA

ദിലീപിന് തിരിച്ചടി; ഫോണ്‍ തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാറിന് കൈമാറണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതിയില്‍ തുടര്‍വാദം.

രാവിലെ 11 മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിച്ചത്.

ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി പറഞ്ഞു.

ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ ഹൈക്കോടതിക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും അന്വേഷണ സംഘത്തില്‍ നിന്ന് ഫോണ്‍ മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.

മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

എന്നാല്‍ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നെന്നും കോടതി തന്നോട് ദയ കാണിക്കണമെന്നുമായിരുന്നു ദിലീപിന്റെ വാദം.

ഇന്നലെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിഷയത്തില്‍ വിശദവാദത്തിനായി ഹരജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് ഫോണ്‍ കൈമാറിക്കൂടെയെന്ന് കോടതി ചോദിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകന്‍ അതിന് തയ്യാറായിരുന്നില്ല.

തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നും ക്രൈംബ്രാഞ്ചിന് ഫോണ്‍ കൈമാറുന്നത് അപകടകരമാണെന്നുമായിരുന്നു ദിലീപിന്റെ വാദം.

ബാലചന്ദ്രകുമാറുമായുള്ള ആശയ വിനിമയങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറണമെന്നുത്തരവിടാന്‍ അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്.

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.

എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സൂരജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഢാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ പിന്നെ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കാത്തതിനാല്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും നല്‍കിയ സംരക്ഷണം കോടതി പിന്‍വലിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button