PONNANI

‘മേ ഹൂം മൂസ’; മലപ്പുറംകാരനായി സുരേഷ് ഗോപി.ചിത്രീകരണം പൊന്നാനിയിൽ

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മേ ഹൂം മൂസ എന്നാണ് ചിത്രത്തിന്റെ പേര്. ജിബു ജേക്കബ് ഇതുവരെ ഒരുക്കിയ ചിത്രങ്ങളേക്കാള്‍ വലിയ കാന്‍വാസിലും ബജറ്റിലുമാവും പുതിയ ചിത്രം ഒരുങ്ങുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചിത്രീകരിക്കേണ്ട, പാന്‍- ഇന്ത്യന്‍ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരിക്കും ഇതെന്ന് ടൈറ്റില്‍ ലോഞ്ച് വേദിയില്‍ ജിബു ജേക്കബ് പറഞ്ഞു. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് ഇത്.

പൊന്നാനി, കൊടുങ്ങല്ലൂര്‍, രാജസ്ഥാന്‍, പഞ്ചാബ്, കാര്‍ഗില്‍ എന്നിവിടങ്ങളിലെല്ലാം ചിത്രീകരണമുണ്ട്. വാഗാ അതിര്‍ത്തിയാണ് ഒരു ലൊക്കേഷന്‍. ഇവിടെ ആദ്യമായാണ് ഒരു മലയാള ചിത്രം ചിത്രീകരിക്കുന്നത്.

ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്നും സംവിധായകന്‍ പറയുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്‍റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉണ്ടെങ്കിലും ഗൌരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് പറയുന്നു.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായ സിഐഡി മൂസയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ യാതൊരു ബന്ധവുമില്ലെന്നാണ് ജിബുവിന്‍റെ മറുപടി.

മലയാളത്തിന്‍റെ മണമുള്ള സിനിമയാണ്. മൂസ എന്നൊരു മലപ്പുറത്തുകാരന്‍റെ കഥയാണ് ചിത്രം, ജിബു ജേക്കബ് പറയുന്നു. മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പൂനം ബജ്‍വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button