EDAPPALLocal news
മേൽപാലം വന്നതോടെ കർശന ഗതാഗത പരിഷ്കാരം: എടപ്പാളിൽ പിടിമുറുക്കി
എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസ്. ബസുകൾ നിർത്തിയിടാനായി രേഖപ്പെടുത്തിയ അടയാളവും കാണാം.
എടപ്പാൾ ∙ മേൽപാലം വന്നതോടെ ടൗണിൽ ഗതാഗത പരിഷ്കാരം കർശനമായി നടപ്പിലാക്കിത്തുടങ്ങി. 4 റോഡിലും നിശ്ചിത ദൂരത്തിൽ മാത്രം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിട്ടു. ഓട്ടോകൾ, ടാക്സികൾ, ഗുഡ്സ് ഓട്ടോകൾ തുടങ്ങിയവ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തിയിട്ടു. പാലത്തിനു താഴെ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾക്ക് എതിരെയും നടപടി തുടങ്ങി. നിർദേശം ലംഘിച്ച വാഹനങ്ങളെല്ലാം പിടികൂടി പിഴ ഈടാക്കി.
കടകളിലേക്ക് വരുന്ന വാഹനങ്ങൾക്കായി പാലത്തിനു താഴെ നിർദേശിച്ച സ്ഥലത്ത് മറ്റു വാഹനങ്ങൾ നിർത്തിയിടുന്നതിന് എതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി. 4 റോഡുകളിലും കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് നിയന്ത്രണം കർശനമായി നടപ്പാക്കുന്നത്.