സിവിൽ സർവീസ് കോച്ചിങ്ങിനുള്ള 50% മുസ്ലിം സംവരണത്തിനു പിന്നിലെ വാസ്തവമെന്ത്?

പൊന്നാനി: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി സബ് സെന്ററിന്റെ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്കാഡമിയിലേക്കുള്ള എൻട്രൻസ് ടെസ്റ്റിനു വേണ്ടി അപേക്ഷിക്കാനുള്ള തീയതി, പരീക്ഷാ തീയതി എന്നിവ അറിയിക്കുന്ന പോസ്റ്ററാണിത്. സെന്ററിൽ മുസ്ലിം സമുദായത്തിന് 50% സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോസ്റ്ററിൽ പരാമർശിക്കുന്നുണ്ട്. അതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അന്വേഷണം
ഇത്തരത്തിലൊരു നോട്ടിഫിക്കേഷൻ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാനായി അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. അങ്ങനെ, അക്കാഡമിയിലേക്കുള്ള എൻട്രൻസിന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ കണ്ടെത്താനായി. അതു പ്രകാരം അക്കാഡമിയുടെ പൊന്നാനി സെന്ററിൽ പോസ്റ്ററിലുള്ളതുപോലെ മുസ്ലിം സമുദായത്തിന് 50% സംവരണം ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, കല്ല്യാശ്ശേരി സെന്ററിൽ പട്ടിക ജാതി വിഭാഗത്തിന് 51% സംവരണവും നൽകുന്നുണ്ട്. ബാക്കിയുള്ള സെന്ററുകൾക്ക് ഇവ ബാധകമല്ല. ഇതിനു പുറമെ സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരായ 100 വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുമുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നുണ്ട്.
വിശദ വിവരങ്ങളറിയാൻ സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി സെന്ററുമായി ബന്ധപ്പെട്ടു. 2010-ൽ പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ച സെന്ററാണ് പൊന്നാനിയിലേത്. അതുകൊണ്ട് തുടക്കം മുതൽ പ്രസ്തുത സംവരണം അവിടെ നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യമായിട്ടാണ് ഇത് വിവാദമായി മാറുന്നതെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ പറ്റി പഠിക്കുന്നതിനു 2005-ൽ രജീന്ദർ സച്ചാർ ചെയർമാനായ ഒരു കമ്മിറ്റി കേന്ദ്ര സർക്കാർ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിനെ പറ്റി പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയാണ് പാലോളി കമ്മിറ്റി. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു അതിന്റെ ചെയർമാൻ.
സർക്കാരിലെ ഉന്നത സ്ഥാനങ്ങളിൽ മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യം കുറവാണെന്ന കണ്ടെത്തൽ ഇരു കമ്മിറ്റികളുടെയും റിപ്പോർട്ടുകളിലുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങണമെന്ന് പാലോളി കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊന്നാനിയിലെ സെന്റർ ആരംഭിച്ചത്.
വാസ്തവം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 50% മുസ്ലിം സംവരണമുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണ്. അക്കാഡമിയുടെ പൊന്നാനി സെന്ററിൽ മാത്രമാണ് മുസ്ലിം സമുദായത്തിന് 50% സംവരണം നൽകിയിട്ടിട്ടുള്ളത്. പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 2010-ൽ ആരംഭിച്ച സെന്ററാണ് പൊന്നാനിയിലേത്. അന്നുമുതൽ പ്രസ്തുത സംവരണം അവിടെ നിലവിലുണ്ട്. കൂടാതെ, സംസ്ഥാനത്തെ മുന്നോക്കക്കാരിലെ പിന്നോക്കക്കാരായ 100 വിദ്യാർത്ഥികൾക്ക് ഫീസ് ഇളവും കല്ല്യാശ്ശേരി സെന്ററിൽ പട്ടിക ജാതി വിഭാഗത്തിന് 51% സംവരണവും നൽകിവരുന്നുണ്ട്.
