‘മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ തുടര്‍ച്ചയായി കാണാതായി’, കൊന്ന് ഇറച്ചിയാക്കിയ യൂട്യൂബറും സംഘവും പിടിയില്‍
മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചി കടത്തുന്ന സംഘം പിടിയില്‍. യൂട്യൂബിലൂടെ പാചക രീതികള്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്ന യൂട്യൂബര്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഏരൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. 11ാം മൈല്‍ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. ഈ പ്രദേശത്ത് നിന്നും അടുത്തിടെ മേയാന്‍ വിട്ടിരുന്ന അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ‘ഹംഗ്‌റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ ബീഫ്, മട്ടന്‍ വിഭവങ്ങളുടെ പാചക രീതി ഉള്‍പ്പെടെ പരിചയപ്പെടുത്തിയിരുന്ന വ്യക്തി ഉള്‍പ്പെടെയാണ് പിടിയിലായത്. സംഘം മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും കണ്ടെടുത്തു. പല കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു