PONNANI

പൊന്നാനി സ്വദേശിയെ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ സംഭവം; പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ

ആലുവയിൽ പൊന്നാനി സ്വദേശിയെ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. തൃശൂർ മതിലകം കോലോത്തും പറമ്പിൽ മുബഷീർ (മുബി 29 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇയാൾ ഉൾപ്പടെ അഞ്ച് പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം കോയമ്പത്തൂർ, സേലം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ മുബിനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂർ ഗാന്ധിനഗറിലെ ഒരു ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വധശ്രമം, മയക്കുമരുന്ന് വ്യപാരം എന്നിവയ്ക്ക് കേസുകളുണ്ട്. പ്രധാന പ്രതിയായ മനാഫിന്റെ ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

ക്വട്ടേഷൻ കൊടുത്ത തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബ് ഉൾപ്പെടെ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം.

മാർച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് സംഭവം. ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെയാണ് എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശ്ശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.

വാഹനങ്ങളും, ഹാൻസും നേരത്തെ കണ്ടെടുത്തു. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐ മാരായ വി.എൽ ആനന്ദ്, കെ.പി.ജോണി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.ബി.സജീവ്തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button