‘മൃതദേഹവുമായി വന്നപ്പോള്‍ വാതില്‍ തുറന്നുകൊടുത്തു, തറയിലെ രക്തം തുടച്ച് വൃത്തിയാക്കി’; ബിജു ജോസഫിന്റെ കൊലപാതകത്തില്‍ വീണ്ടും അറസ്റ്റ്

തൊടുപുഴ: ബിസിനസ് പങ്കാളിയായിരുന്ന ബിജു ജോസഫിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി ജോമോന്റെ ഭാര്യ സീനയെയാണ് (45) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയാണ് സീന.
ചോദ്യം ചെയ്യലിന് നേരത്തെ നോട്ടിസ് നല്‍കിയെങ്കിലും ദിവസങ്ങളായി ഇവര്‍ ഹാജരായിരുന്നില്ല. ഇന്നലെ തൊടുപുഴ പൊലീസിന്റെ മുന്‍പില്‍ ഹാജരായ സീനയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയവയില്‍ സീനയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മരണമുറപ്പിക്കാന്‍ ബിജുവിന്റെ മൃതദേഹവുമായി പ്രതികള്‍ ജോമോന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന് നല്‍കിയത് ഭാര്യ സീനയാണ്. വീട്ടിലെ തറയിലും ചുവരിലും വീണ രക്തം തുടച്ചു വൃത്തിയാക്കിയെന്നും തുടയ്ക്കാന്‍ ഉപയോഗിച്ച തുണി പിന്നീട് കത്തിച്ചെന്നും സീന പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞദിവസം കേസില്‍ ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും സഹായിയുമായ പ്രവിത്താനം സ്വദേശി എബിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ബിജുവിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടത് എബിന് അറിയാമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു.തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും ജോമോന്‍ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു. ഇരുവരുടെയും നിര്‍ണായക ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. മാര്‍ച്ച് 15 മുതല്‍ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമുണ്ടെന്നാണ് സൂചന. ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോന്‍ എബിന് വിവരങ്ങള്‍ നല്‍കി. ഓമ്‌നി വാന്‍ കിട്ടുമോ എന്നും ജോമോന്‍ എബിനോട് ചോദിച്ചു.
കൃത്യത്തിന് ശേഷം പുതിയ ഫോണ്‍ വാങ്ങാന്‍ ജോമോന് പണം നല്‍കിയതും എബിനാണെന്നാണ് വിവരം. ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഗൂഢാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞമാസമാണ് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിങ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്
