മൂക്കുതല സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികൾക്ക് നൽകാത്തതിനെതിരെ രക്ഷിതാവിന്റെ ഒറ്റയാൾ സമരം

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കൻഡറി സ്കൂളിലെ കളിസ്ഥലം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാവിന്റെ ഒറ്റയാൾ സമരം. 3500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മൂക്കുതല ഹയർസെക്കൻഡറി സ്കൂളിൽ പതിറ്റാണ്ടുകളായി വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ മൈതാനം ഈയിടെയാണ് സ്പോർട്സ് കൗൺസിലിന്റെ അധീനതയിൽ സിന്തറ്റിക് ട്രാക്ക് ആക്കി മാറ്റിയത്. സിന്തറ്റിക് ട്രാക്ക് വന്നതോടെ കുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പറ്റാത്ത സാഹചര്യം ആണുള്ളത്. ഇതിനെതിരെ നാട്ടുകാരും, രക്ഷിതാക്കളും നിരന്തരമായി പരാതി ഉന്നയിച്ചു കൊണ്ടിരിക്കുന്നുണ്ട്. മൂക്കുതല പ്രദേശത്തെ പല ഫുട്ബോൾ കളിക്കാരും വളർന്നു വന്ന് ഉന്നതിയിൽ എത്തിയിട്ടുള്ളത് പ്രസ്തുത സ്കൂൾ ഗ്രൗണ്ടിൽ കളിച്ചു വളർന്നു കൊണ്ടാണ്. ഈ ഗ്രൗണ്ടാണ് ഒരു സുപ്രഭാതത്തിൽ സിന്തറ്റിക്ക് ട്രാക്ക് ആയി രൂപാന്തരം സംഭവിച്ചത്. സിന്തറ്റിക് ട്രാക്കിന്റെ കൂടെ ഫുട്ബോൾ ഗ്രൗണ്ടും നിർമ്മിക്കും എന്നായിരുന്നു ആദ്യം രക്ഷിതാക്കൾക്ക് നൽകിയ വാക്ക്. എന്നാൽ നിലവിൽ ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതെയാണ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്.ഈ ഗ്രൗണ്ടിൽ കളിക്കണമെങ്കിൽ സ്പോർട്സ് കൗൺസിൽ തുറന്നു കൊടുത്താൽ മാത്രമേ കളിക്കാൻ സാധിക്കുകയുള്ളൂ എന്ന് രക്ഷിതാക്കൾ പറയുന്നു.
കളി സ്ഥലം കുട്ടികൾക്ക് തുറന്ന് നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പ്രധിഷേധം നടന്നെങ്കിലും ഒരു രക്ഷിതാവിന്റെ ഒറ്റയാൾ സമരം ആദ്യമാണ്.
കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന പി ടി എ ജനറൽ ബോഡി യോഗ സമയത്താണ് റഫീഖ് എന്ന രക്ഷിതാവ് പ്ലക്കാർഡ് പിടിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫുട്ബോൾ ഗ്രൗണ്ട് അനുവദിക്കുന്നത് വരെ സമരപരിപാടിയുമായി രക്ഷിതാക്കളായ തങ്ങൾ ഉണ്ടാകുമെന്ന് റഫീക്ക് പറഞ്ഞു. റഫീക്കിന്റെ ഒറ്റയാൾ പ്രതിഷേധത്തിന് പിന്തുണയർപ്പിച്ച് നിരവധി രക്ഷിതാക്കളാണ് രംഗത്ത് വന്നിട്ടുള്ളത്.













