മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയും.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറാനാണ് സാധ്യത. 2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. ദേശീയ തലത്തിലേക്ക് കേരളത്തില്‍ നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹീമും ജെയ്ക്കും ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. റഹീം ദേശീയ അധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്.