മുനമ്പം വഖഫ് ഭൂമി: ഹൈക്കോടതി നിരീക്ഷണംമുന്‍വിധിയോടെ – പി.ഡി.പി.
മലപ്പുറം : മുനമ്പത്തെ 404.76 ഏക്കര്‍ വഖഫ് സ്വത്ത് വഖഫ് ഭൂമിയായി നിലനില്‍ക്കില്ല എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയ നിരീക്ഷണം മുന്‍വധിയോടെയാണെന്ന് പി.ഡി.പി.വൈസ്ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ബിലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രേഖകളും തെളിവുകളും പരിശോധിച്ച് വഖഫ് നിയമങ്ങള്‍ പാലിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിനായി ഭൂവുടമ ദൈവനാമത്തില്‍ വഖഫ് ചെയ്ത ഭൂമി അന്യാധീനപ്പെട്ടതും വിറ്റുതുലച്ചതും ഭൂമി കൈകാര്യം ചെയ്‌തവരുടെ കെടുകാര്യസ്ഥതയാണ്. മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഫറൂഖ് കോളേജ് മാനേജ്മെന്റ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്‌ത് നല്‍കിയ ഭൂമി തുച്ഛവിലക്ക് നിയമവിരുദ്ധമായി വിറ്റുതുലക്കുകയും ഭൂരിഭാഗം ഭൂമിയും കയ്യേറ്റക്കാരും ഭൂ -റിസോര്‍ട്ട് മാഫിയകളും കയ്യടക്കുകയുമായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തില്‍ കോണ്‍ഗ്രസിന്റെ പങ്കുപോലെ മുനമ്പത്തെ വഖഫ് ഭൂമി അന്യാധീനപ്പെട്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുസ്ലിം ലീഗിനും ഒഴിയാന്‍ കഴിയില്ല. മുനമ്പത്തെ ഭൂമി പ്രശ്നം കേരളത്തിലെ സാമുദായിക പ്രശ്നമായി വളര്‍ത്തിക്കൊണ്ട് വന്ന് നിയമവിരുദ്ധമായി കൈവശം വച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടി പൊതുബോധം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ക്കും തീവ്രക്രൈസ്തവ സംഘടനകള്‍ക്കൊപ്പം കോണ്‍ഗ്രസുമുണ്ടായിരുന്നു.
ഒരു ഭാഗത്ത് സമുദായ സംരക്ഷകര്‍ എന്ന പ്രഖ്യാപനവും മറുഭാഗത്ത് സമുദായത്തെ കൊള്ളയടിക്കുകയും ചെയ്യുന്ന അധികാര രാഷ്ട്രീയ സംവിധാനമായി മുസ്ലിം ലീഗ് തരംതാഴ്ന്നിരിക്കുകയാണ്. മുസ്ലിം സമുദായ സംഘടനകളില്‍ പോരും രാഷ്ട്രീയ ചേരിപ്പോര് സൃഷ്ടിക്കാനും ലീഗ് നടത്തുന്ന ശ്രമത്തെ തിരിച്ചറിയേണ്ടതുണ്ട്.
മലബാറിൻ്റെ പിന്നാക്കാവസ്ഥക്ക് കാരണം മുസ്ലിം ലീഗുകൂടിയാണ്. പതിറ്റാണ്ടുകളോളം സംസ്ഥാന സര്‍ക്കാരില്‍ ഏറ്റവും സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടും പരിഹരിക്കാൻ കഴിയാത്തതിലുള്ള ജാള്യത മറക്കാനാണ് ലീഗ് ശ്രമിക്കുന്നത്.
ആരോഗ്യം , വിദ്യാഭ്യാസം , വ്യവസായം തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലകളും നിലനില്‍ക്കുന്ന മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയാത്തതില്‍ മുസ്ലിം ലീഗിന് നിര്‍ണ്ണായകമായ പങ്കുണ്ട്. കാരണം കേരള ഭരണത്തില്‍ മുസ്ലിംലീഗാണ് ഈ മേഖലയെ ഏറെക്കാലം പ്രതിനിധാനം ചെയ്‌തത്. വിദ്വേഷ പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനും സംഘ്പരിവാറുകാരും ലീഗിനെ ചൂണ്ടി മുസ്ലിം സമുദായത്തെ ആക്ഷേപിക്കുമ്പോള്‍ മുസ്ലീംലീഗ് അത് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഉപയോഗിക്കുന്നത്.
തൊണ്ണൂറ് കാലഘട്ടത്തില്‍ ഫാസിസത്തിൻ്റെ വിപത്തിന് തടയിടാൻ മഅ്ദനി പറഞ്ഞ ദലിദ് പിന്നാക്ക ന്യൂനപക്ഷശാക്തീകരണത്തിനെ തള്ളിപ്പറഞ്ഞ ലീഗ് ഇന്ന് ഈ ആശയത്തെ ഏറ്റെടുക്കുന്നതിൽ പിഡിപിക്ക് അഭിമാനമുണ്ട്. മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പി.ഡി.പി.യാണ്. എന്നാല്‍ തങ്ങള്‍ക്ക് അധികാരത്തിലേക്കുള്ള കോണിപ്പടിയായി മാത്രം മുസ്ലിം ലീഗും കോണ്‍ഗ്രസും മലബാറിനെ ഉപയോഗപ്പെടുത്തുകയായിരുന്നു.
പി ഡി പി ഉത്തരമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓക്ടോബര്‍ 5 ന് കാസർഗോഡ് നിന്നും തുടക്കം കുറിച്ച മുന്നേറ്റ സമ്പർക്ക യാത്രയുടെ ഭാഗമായി 3 ദിവസം ജില്ലയിൽ പര്യടനം നടത്തി 13 ന് തിരൂരിൽ ഫലസ്‌തീൻ ഐക്യ ദാർഡ്യ റാലിയും സമ്മേളനത്തോടെയും സമാപിക്കും . തദ്ദേശതെരഞ്ഞെടുപ്പില്‍ പി.ഡി.പി.ഒറ്റക്കും സഹകരിക്കാന്‍ കഴിയുന്ന മുന്നണികളും പാര്‍ട്ടികളും പ്രാദേശിക കൂട്ടായ്മകളോടും ചേര്‍ന്നും പരമാവധി വാര്‍ഡുകളില്‍ മത്സര രംഗത്തിറങ്ങാന്‍ സജ്ജമായിരിക്കുകയാണ്.
മലപ്പുറം പ്രസ് ക്ളബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ഇബ്രാഹിം തിരുരങ്ങാടി , സക്കീർപരപ്പനങ്ങാടി , ഹുസൈൻ കാടാമ്പുഴ , സലാം മൂന്നിയൂർ , ഷാഹിർ മൊറയൂർ സംബന്ധിച്ചു