മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും
![](https://edappalnews.com/wp-content/uploads/2025/01/images-7.jpeg)
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രാദേശിക സമിതി ആദ്യ പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി രണ്ട് സമിതികളും രൂപീകരിക്കും. ഈ രണ്ട് സമതികളും മരിച്ചവരുടെ പട്ടികകള്‍ തയ്യാറാക്കി വിശലനം ചെയ്തതിന് ശേഷമാവും സര്‍ക്കാരിന് കൈമാറുക. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ മാന്‍ മിസിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അടക്കം നല്കിയ പരാതികള്‍ പരിശോധിച്ച ശേഷമാവും പ്രാദേശിക സമിതി പട്ടിക തയ്യാറാക്കുക.
വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക സമിതി. തുടര്‍ന്ന് ഈ പട്ടിക ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇവരാണ് ഈ വിവരങ്ങള്‍ സംസ്ഥാന സമിതിക്ക് കൈമാറുക. സംസ്ഥാന സമിതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ- തദ്ദേശ ഭരണ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. ഈ മൂന്നംഗം സമിതി സൂക്ഷ്മമായി പരിശോധന നടത്തിയശേഷം സര്‍ക്കാരിലേക്ക് ശുപാര്‍ശ സമര്‍പ്പിക്കും. തുടര്‍ന്ന് കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം അനുവദിക്കും. വയനാട് ദുരന്തത്തില്‍ 32 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)