മുംബൈയിൽ നിന്ന് പറന്നുയർന്നു; 1000 കിലോമീറ്റർ റേസിൽ ചരിത്ര നേട്ടവുമായി തിരൂരിലെ പ്രാവുകൾ.
ആകാശസീമകൾ കീഴടക്കി മുംബൈയിൽ നിന്ന് പറന്നുയർന്ന പ്രാവുകൾ തിരൂരിന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചു. മലബാർ റേസിംഗ് പീജിയൻ ക്ലബ്ബ് (MRPC) സംഘടിപ്പിച്ച 1000 കിലോമീറ്റർ പ്രാവ് പറത്തൽ മത്സരത്തിൽ തിരൂർ നടുവിലങ്ങാടി സ്വദേശി നവാസ് ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ ആകാശപാതയിലൂടെ പറന്ന നവാസിന്റെ പ്രാവുകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സമയക്രമത്തിലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
തിരൂർ നടുവിലങ്ങാടിയിലെ പ്രിയ ഗാർഡൻ നഴ്സറിയിലെ മുഹമ്മദലി – ഉമ്മയ്യകുട്ടി ദമ്പതികളുടെ മകനായ നവാസിനും കുടുംബത്തിനും ഇത് ഇരട്ടി മധുരമുള്ള വിജയമാണ്. തൃശൂർ, മലപ്പുറം ജില്ലകളിലെ ക്ലബ്ബുകൾ സംയുക്തമായി നടത്തിയ ഈ മത്സരത്തിൽ 19 ഓളം പ്രാവ് വളർത്തൽ പ്രേമികളാണ് പങ്കെടുത്തത്. മുംബൈയിലെ കുഡൂസ് എന്ന സ്ഥലത്തുനിന്നാണ് മത്സരത്തിനായി പ്രാവുകളെ തുറന്നുവിട്ടത്.
ഫെബ്രുവരി 19-ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പറന്നുയർന്ന പ്രാവുകൾ, രണ്ടാം ദിവസം അതായത് ഫെബ്രുവരി 20-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11:58-ന് തന്നെ തിരൂരിലെ നവാസിന്റെ വീട്ടിൽ തിരിച്ചെത്തി. കേരളത്തിൽ നിലവിലുള്ള ഏറ്റവും വേഗതയേറിയ ‘സെക്കൻഡ് ഡേ’ റെക്കോർഡുകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. പ്രാവുകളുടെ കാലിൽ ഘടിപ്പിച്ച പ്രത്യേക ടാഗുകൾ സ്കാൻ ചെയ്ത് മൊബൈൽ ആപ്പ് വഴിയാണ് സമയം കൃത്യമായി രേഖപ്പെടുത്തിയത്.
2018 മുതൽ പ്രാവുകളെ പരിശീലിപ്പിക്കുന്നതിൽ സജീവമായ ഷാനവാസ്, തന്റെ കഠിന പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ വിജയത്തെ കാണുന്നത്. ഭാര്യ സുഹറയും മക്കളായ മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷഹിൻ, മുഹമ്മദ് ഷദിൻ എന്നിവരും നവാസിന്റെ ഈ വിനോദത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. താനാളൂർ, മങ്കട എന്നിവിടങ്ങളിലെ പ്രാവുകളാണ് മത്സരത്തിൽ മൂന്നും നാലും സ്ഥാനം നേടിയത്.