പെരിന്തൽമണ്ണ

മികച്ച ബൗളറായി വിഘ്‌നേഷ്; ഇരട്ടി സന്തോഷത്തിൽ ജന്മനാട്

വിഘ്‌നേഷിന്റെ അരങ്ങേറ്റത്തിന്റെ സന്തോഷം പങ്കുവെച്ച് മാതാപിതാക്കളും ബന്ധുക്കളും കുന്നപ്പള്ളിയിലെ വീട്ടിൽ തിങ്കളാഴ്ച ഒത്തുകൂടിയപ്പോൾ

പെരിന്തൽമണ്ണ : ഐപിഎൽ അരങ്ങേറ്റത്തിൽ മൂന്നു വിക്കറ്റ് നേട്ടത്തോടെ തിളങ്ങിയ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി വിഘ്‌നേഷ് മുംബൈ ഇന്ത്യൻസിന്റെ മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടതോടെ ഇരട്ടി സന്തോഷത്തിൽ ജന്മനാട്.

മത്സരശേഷം മുംബൈ ഇന്ത്യൻസ് ടീമിന്റെ ഡ്രസ്സിങ് റൂമിൽ നടന്ന ചടങ്ങിൽ ടീം ഉടമ നിത അംബാനി വിഘ്‌നേഷിനെ മികച്ച ബൗളറായി തിരഞ്ഞെടുത്ത് സമ്മാനം കൈമാറുന്ന വീഡിയോ ആനന്ദക്കണ്ണീരോടെയാണ് വീട്ടുകാരും ബന്ധുക്കളും കണ്ടുതീർത്തത്. സാമൂഹികമാധ്യമത്തിലൂടെ മുംബൈ ടീം ഓരോ വീഡിയോ പുറത്തുവിടുമ്പോഴും വിഘ്‌നേഷ് കളിച്ചുവളർന്ന ജോളി റോവേഴ്സ് ക്ലബ്ബിലും പിടിഎം കോളേജിലെയും നാട്ടിലെയും സുഹൃത്തുക്കൾക്കിടയിലും സന്തോഷം അലതല്ലി.

പുതിയ താരോദയം മലയാളികൾ ഏറ്റെടുത്തതോടെ മത്സരത്തിനു മുൻപ് 20കെ (20,000) ഫോളോവേഴ്സ് ഉണ്ടായിരുന്ന വിഘ്‌നേഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മത്സരശേഷം രണ്ടുലക്ഷം ഫോളേവേഴ്സിലേക്കും കുതിച്ചുയർന്നു. മഹേന്ദ്രസിങ് ധോണി ചുമലിൽ തട്ടി അഭിനന്ദിക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടത്.

ഇന്ത്യൻ ജേഴ്സി എന്ന സ്വപ്നം

‘‘ഐപിഎലിൽ മികച്ച തുടക്കം കിട്ടി, ഇനി വിഘ്‌നേഷ് ഇന്ത്യൻ ജേഴ്സി അണിയുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണ്. കുൽദീപ് യാദവിന് പുറമേ നിലവിൽ ചൈനാമെൻ ബോളറായി വിഘ്‌നേഷ് മാത്രമേയുള്ളൂ. ടെസ്റ്റിലും ഏകദിനത്തിലും വിഘ്‌നേഷ് മാന്ത്രികത നമ്മളിനി കാണാനിരിക്കുന്നതേയുള്ളൂ’’ -ജോളി റോവേഴ്സ് കബ് സെക്രട്ടറി വി.ജി. രഘുനാഥ് പറഞ്ഞു. ആരും കൊതിക്കുന്ന അരങ്ങേറ്റം അതിലേക്കുള്ള യാത്രയുടെ തുടക്കമാകട്ടെ എന്ന പ്രാർഥനയിലാണ് വീടും ജന്മനാടും.

മത്സരത്തിനുമുൻപ് വിഘ്‌നേഷ് വീട്ടിലേക്കു വിളിച്ചപ്പോൾ ബൗൾചെയ്യാൻ അവസരം കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണു പറഞ്ഞിരുന്നത്. എന്നാൽ ചെന്നൈയിലെ സ്‌പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങി മൂന്ന് ഓവറിലും ഓരോ വിക്കറ്റ് വീതം നേടിയതോടെ പിന്നീട് സ്വപ്നസമാനമായ നിമിഷങ്ങൾക്കാണു സാക്ഷിയായത്. കോച്ച് വിജയൻ, ജോളി റോവേഴ്സ് ക്ലബ് പ്രസിഡന്റ്‌ എസ്.കെ. ഉണ്ണി, ക്ലബ് സെക്രട്ടറി വി.ജി. രഘുനാഥ്, കെസിഎ മുൻ സെക്രട്ടറി എസ്. ഹരിദാസ്, മലപ്പുറം കെസിഎ സെക്രട്ടറി സി. പ്രദീപ്‌കുമാർ തുടങ്ങിയവരെല്ലാം വിഘ്‌നേഷിന്റെ ക്രിക്കറ്റിലെ വളർച്ചയ്ക്കു സാക്ഷികളായി ഓരോ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നു. നാട്ടുകാരനായ ഷമീറാണ് ബൗളിങ്ങിലെ പ്രത്യേകത ആദ്യം തിരിച്ചറിയുന്നത്. ഓട്ടോഡ്രൈവറായ അച്ഛൻ സുനിൽകുമാറും വീട്ടമ്മയായ അമ്മ ബിന്ദുവും പ്രാർഥനയോടെ ഒപ്പംനിന്നപ്പോൾ കുന്നപ്പള്ളി ക്രിക്കറ്റ് ക്ലബ്ബും ജോളി റോവേഴ്സ് ക്ലബ്ബുമാണ് തുടക്കകാലത്ത് പിന്തുണയായത്. മൂന്നുതവണ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. ആദ്യം നൂറിൽ ഒരാളായും പിന്നീട് 25-ൽ ഒരാളായും. ഹാർദിക് പാണ്ഡ്യ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾക്ക് കോച്ച് മഹേല ജയവർധനയുടെ സാന്നിധ്യത്തിൽ മികച്ച രീതിയിൽ ബോളെറിഞ്ഞതാണ് ടീമിലേക്കുള്ള വഴി തുറന്നത്. ഇരുപത്തിനാലുകാരന്റെ അദ്‌ഭുതങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ്പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button