മാസ്ക് ധരിക്കാത്തവരെ പൊക്കാൻ ഇറങ്ങി പോലീസ്;മലപ്പുറത്തുനിന്നു ഒറ്റ ദിവസം മാത്രം പിഴ അടപ്പിച്ചത് അര ലക്ഷം രൂപയിൽ അധികം..!

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ മാസ്ക് ധരിക്കാത്തതിന് പോലീസ് ഈടാക്കിയ പിഴ അര ലക്ഷം രൂപ. കോവിഡ് 19 മഹാമാരി വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് നിര്‍ദേശ പ്രകാരം മഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 101 പേര് കുടുങ്ങി. മാസക് ധരിക്കാത്തതിനു 500 രൂപയാണ് പിഴയീടാക്കുന്നത്. ഇതനുസരിച്ച് ഒറ്റ ദിവസം മാത്രം പിടികൂടിയ 101 പേരില്‍ നിന്നായി 50500 രൂപ മഞ്ചേരി പോലീസ് പിഴയിനത്തില്‍ വസൂലാക്കി. കഴിഞ്ഞ ദിവസങ്ങള്‍ പ്രതിദിനം 50 പേരെ എന്ന കണക്കില്‍ രണ്ടു ദിവസങ്ങളിലായി 100 പേരെ പിടികൂടിയിരുന്നു. മാസ്ക് ധരിക്കാതെയും കൂട്ടം കൂടി നിന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെയാണ് പോലീസ് പിടികൂടുന്നത്. നേരത്തെ 200 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. പിന്നീട് അത് 500 രൂപയാക്കി വര്‍ധിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ ശിക്ഷ കൂടുതല്‍ കടുപ്പിക്കും.
