മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും

8 മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും. എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നുപോയി, എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ചിൽ തിരിച്ചെത്തും. സ്പെയ്സ് എക്സിന്റെ ക്രൂ-10 (Crew-10) ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12-നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാർച്ച് 19-ന് തിരികെയെത്തുമെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സുനിത വില്യംസും വിൽമോറും സ്ഥിരീകരിച്ചു. ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയ്ൻ (Anne McClain), നിക്കോൾ അയേഴ്സ് (Nichole Ayers), ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി (Takuya Onishi), റോസ്കോസ്മോസ് യാത്രികൻ കിറിൽ പെസ്കോവ് (Kirill Peskov) എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത്. ക്രൂ-10 എത്തിയാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടർന്ന് നിലവിൽ ബഹിരാകാശ നിലയ കമാൻഡറായ വില്യംസ് കമാൻഡ് കൈമാറും. ക്രൂ-10 മാർച്ച് 12-ന് വിക്ഷേപിക്കാനും ഒരാഴ്ച നീളുന്ന ഹാൻഡ് ഓവർ പ്രക്രിയയ്ക്ക് ശേഷം മാർച്ച് 19-ന് ഞങ്ങൾ തിരിച്ചെത്താനുമാണ് പദ്ധതിയെന്ന് വിൽമോർ സിഎൻഎന്നിനോട് പറഞ്ഞു. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് ഇരുവരും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനർ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാൻ നിർബന്ധിതരാകുകയായിരുന്നു
